ലോറികളിൽനിന്ന് ബാറ്ററി മോഷണം പ്രതി പിടിയില്‍
1339299
Saturday, September 30, 2023 12:08 AM IST
തെന്മല : പാതയോരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍ നിന്നും ബാറ്ററികള്‍ മോഷ്ട്ടിച്ചു കടത്തിയ കേസില്‍ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കുന്നില്‍വീട്ടില്‍ അഖില്‍ (34) ആണ് തെന്മല പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉറുകുന്നില്‍ വിവിധ ഇടങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ നിന്നും പത്തോളം ബാറ്ററികള്‍ മോഷണം പോകുന്നത്. ലോറി ജീവനക്കാര്‍ നല്കിയ പരാതിയില്‍ കേസെടുത്ത തെന്മല പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കവേ സംശയാസ്പദമായി ഒരു കാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഈ കാറിനെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ച പോലീസ് കാര്‍ ആറ്റിങ്ങല്‍ ഉള്ളതാണ് എന്ന് കണ്ടെത്തി.പിന്നീടുള്ള അന്വേഷണത്തിലാണ് കവര്‍ച്ചക്കായി അഖില്‍ കാര്‍ വാടകയ്ക്ക് എടുത്തുവെന്ന് കണ്ടെത്തുന്നത്. പ്രതിക്കായി അന്വേഷണം ആരംഭിച്ച പോലീസ് തൃശൂര്‍ കൈപ്പമംഗലത്ത് നിന്നും അഖിലിനെ പിടികൂടുകയായിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കവര്‍ച്ച ചെയ്ത ബാറ്ററികള്‍ വില്‍പ്പന നടത്തിയ തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നും ഇയാള്‍ വില്‍പ്പന നടത്തിയ ബാറ്ററികള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കി പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതിക്കെതിരെ മുമ്പ് കിളിമാനൂര്‍ പോലീസും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം, എസ്ഐ സുബിന് തങ്കച്ചന്, എഎസ്ഐ റജീന, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കണ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മധു, വിഷ്ണു, അജിത്ത് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.