ബാറിൽ മദ്യപിക്കാനെത്തിയവർ തമ്മിൽ സംഘർഷം
1339106
Friday, September 29, 2023 12:42 AM IST
കാട്ടാക്കട: ബാറിൽ സംഘംചേർന്ന് ഒരാളെ മർദ്ദിക്കുകയും പണം പിടിച്ചു പറിക്കുകയും ചെയ്തു. കാട്ടാക്കടയിലെ സ്വകാര്യ ബാറിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബാറിൽ മദ്യപിക്കാൻ എത്തിയ യുവാവിനെ അവിടെയുണ്ടായിരുന്ന ചിലർ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുകയും കസേര ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
കാരണങ്ങൾ ഒന്നുമില്ലാതെയാണ് തന്നെ മർദിച്ചതെന്നും തന്റെ കൈവശം പണമിരിക്കുന്നത് കണ്ട സംഘത്തിലെ ചിലരാണ് ആക്രമണത്തിനു തുടക്കമിട്ടതെന്നും അമ്പൂരി സ്വദേശി സോനു കാട്ടാക്കട പോലീസിനോട് പറഞ്ഞു.
സംഭവശേഷം തന്റെ പഴ്സ് ഉൾപ്പടെ സംഘം പിടിച്ചുപറിച്ചതായും യുവാവ് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ സോനുവിന്റെ മുഖത്തിന് കാര്യമായ പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസും അറിയിച്ചു.