കിഴക്കേകോണം റോഡ് നവീകരണം പാതി വഴിയിൽ; നടക്കാൻ വഴിയില്ലാതെ 35ഓളം കുടുംബങ്ങൾ
1338573
Wednesday, September 27, 2023 12:36 AM IST
നെടുമങ്ങാട്: നഗരസഭയിലെ കല്ലുവരമ്പ് വാർഡിലെ കിഴക്കേകോണം നിവാസികളായ 35ഓളം കുടുംബങ്ങളാണ് വഴിയില്ലാതെ ബുദ്ധിമുട്ടിലായത്.
കിഴക്കേകോണം ചിറയുടെ വശത്തായി ഗതാഗത സൗകര്യത്തോടെ ഉണ്ടായിരുന്ന വഴിയാണ് പുനരുദ്ധാരണത്തിനായി വശങ്ങളിൽ മതിലുകൾ കെട്ടുന്നതിനായി ജെസിബി ഉപയോഗിച്ച് കുഴിച്ചത്.
വഴിയുടെ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനെ തുടർന്നാണ് നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 17ലക്ഷം രൂപ വിനിയോഗിച്ചു വശങ്ങളിൽ മതിലുകൾ നിർമിക്കാൻ കഴിഞ്ഞ വർഷം കരാർ നൽകിയത്.
കഴിഞ്ഞ മാർച്ചിൽ15 ദിവസം കൊണ്ടു പണി തീർക്കാമെന്ന ഉറപ്പിൻമേൽ വഴിയടച്ച് ജെസിബി ഉപയോഗിച്ച് റോഡ് പൂർണമായി പൊളിച്ചു. താൽക്കാലികമായി ജനങ്ങൾക്ക് നടവഴിയായി ചിറയുടെ മറുസ്ഥലവും ശരിയാക്കി.
സമീപവാസികളുടെ വാഹനങ്ങൾ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ ചിറയ്ക്കു സമീപം പാർക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കി.
എന്നാൽ നിർമാണ ജോലികൾ സമയത്ത് തീർക്കാതെ കോൺട്രാക്ട് വർക്ക് എടുത്തവർ ഉഴപ്പിയെന്നും, മഴക്കാലമായതോടെ താൽക്കാലിക നടപ്പാതയും വെള്ളം കയറി സഞ്ചാര യോഗ്യമല്ലാതാവുകയും ചെയ്തു.
നിലവിൽ പ്രദേശത്തുക്കൂടിയുള്ള യാത്രകൾ അപകടം ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണെന്ന് നാട്ടുകാർ പറയുന്നു. മഴ സമയങ്ങളിൽ വെള്ളം കയറി നടവഴി നഷ്ടമാകുമ്പോൾ വിദ്യാർഥികളെ സ്കൂളിലേക്ക് വിടാൻ പോലും കഴിയുന്നില്ല.