കണ്ടല സർവീസ് സഹകരണബാങ്ക് തട്ടിപ്പ്: ആശങ്കയിലായി സഹകാരികൾ
1338567
Wednesday, September 27, 2023 12:36 AM IST
കാട്ടാക്കട: കണ്ടല ബാങ്ക് വിവാദം കൊഴുക്കുന്നു. അസിസ്റ്റന്റ് റജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ ആശങ്കയിലായി സഹകാരികൾ.
സിപിഐ നേതാവ് എൻ. ഭാസുരാംഗൻ പ്രസിഡന്റായ ബാങ്കിൽനിന്ന് മക്കളുടെ പേരിലും ബിനാമി പേരിലും തട്ടിയെടുത്തത് 34.43 കോടി രൂപ. മിൽമ തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റീവ് കൺവീനറാണ് ഭാസുരാംഗൻ. അടിമുടി ക്രമക്കേടാണ് അന്വേഷണ റിപ്പോർടിൽ അക്കമിട്ടു നിരത്തിയിരിക്കുന്നത്.
സഹകരണ നിയമങ്ങൾ കാറ്റിൽപറത്തി ബന്ധുക്കളുൾപ്പെടെയുള്ളവരുടെ നിക്ഷേപങ്ങൾക്ക് ഇരട്ടി പലിശ നൽകി. ഇതിലൂടെ ബാങ്കിനു കോടിക്കണക്കിനു രൂപ നഷ്ടമുണ്ടായി. ഇക്കാര്യം സഹകരണ ഇൻസ്പെക്ടർമാരുടെ ഓഡിറ്റിൽനിന്നു മറച്ചുവയ്ക്കുകയും ചെയ്തു.
ഓഡിറ്റിംഗിനു വിധേയമാക്കാതെ നൽകിയ വായ്പകളിൽനിന്നു ഇരട്ടി പലിശ വാങ്ങുകയും ചെയ്തു. 173 കോടി രൂപയുടെ നിക്ഷേപം മടക്കി നൽകാനുള്ളപ്പോൾ പിരിഞ്ഞു കിട്ടാനുള്ള വായ്പ 69 കോടി രൂപ മാത്രം. നിർമാണ, അറ്റകുറ്റ പ്രവർത്തനങ്ങൾ നടത്താനെന്ന പേരിലും 15.50 ലക്ഷം രൂപ വിവിധ സമയങ്ങളിൽ പിൻവലിച്ചിട്ടുണ്ട്.
എന്നാൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടുമില്ല. ചട്ടപ്രകാരമുള്ളതിലും കൂടുതൽ തസ്തികകൾ സൃഷ്ടിച്ച് ഇഷ്ടക്കാരെ വിവിധ തസ്തികളിൽ നിയമിച്ചതു വഴിയും വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്.
ഈടില്ലാതെ ലക്ഷങ്ങൾ വായ്പ നൽകിയെന്നും വ്യക്തമാ യി. ഒരേ ഭൂമി ഈടുവച്ച് ഒരു സമയം ഒന്നിലധികം വായ്പകൾ നൽകി. ഓരോ വായ്പയിലും ഭൂമിക്കു തോന്നുംപടി മൂല്യനിർണയം നടത്തി. വായ്പ കുടിശികയിൽ ആർബിട്രേഷൻ നടപടികൾ നടത്താതെയും നഷ്ടമുണ്ടാക്കി.
ഭാസുരാംഗൻ ഭാരവാഹിയായ മാറനല്ലൂർ ക്ഷീര സംഘത്തിനും ക്രമവിരുദ്ധമായി പണം നൽകിയിട്ടുണ്ട്. സംഘത്തിൽ സഹകരണ ബാങ്ക് അഞ്ചുലക്ഷം രൂപയുടെ ഓഹരിയുമെടുത്തു. ചില നിക്ഷേപകരെ സഹകരണ വകുപ്പ് നിർദേശിക്കുന്നതിനെക്കാൾ പലിശ നൽകി സഹായിക്കുകുയും ചെയ്തു.
നിക്ഷേപകരറിയാതെ പണം വകമാറ്റിയെന്നും കണ്ടെത്തൽ. ബാങ്ക് തുടങ്ങിയ ആശുപത്രിയിലേയ്ക്കടക്കം ഇങ്ങനെ പണംമാറ്റി. ഈ ആശുപത്രിയിൽ അനുമതിയില്ലാതെ തസ് തിക സൃഷ്ടിച്ചും സ്ഥാനക്കയറ്റം നൽകിയും ജീവനക്കാർക്ക് കമ്മീഷൻ നൽകിയും വാഹനങ്ങൾ വാങ്ങിയും ബാങ്കിനു ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി. ഇങ്ങനെ നിരവധി ക്രമക്കേടിലൂടെ ബാങ്കിന് നഷ്ടമായത് 57.24 കോടി രൂപ.
ഭരണസമിതി അംഗങ്ങളായ 21 പേരിൽനിന്നു പണം തിരിച്ചു പിടിക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിർദേശം. ഓരോരുത്തരിൽനിന്നും തിരിച്ചു പിടിക്കേണ്ട തുകയും അന്വേഷണ റിപ്പോർട്ടിലുണ്ട്.
നിക്ഷേപകരുടെ പരാതിയിൽ ഇതേവരെ പോലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. പക്ഷെ ഒരു തുടർനടപടിയുമില്ല.