വയനാടന്‍ കാഴ്ചകളിലേക്ക് ആനവണ്ടി പാക്കേജ്
1337631
Saturday, September 23, 2023 12:02 AM IST
നെയ്യാറ്റിന്‍കര : പ്രകൃതിയുടെ മഹാവിസ്മയങ്ങൾ കുടപിടിച്ചു നിൽക്കുന്ന വയനാടിനെ തൊട്ടറിയാൻ കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ബഡ്ജറ്റ് ടൂറിസം സെല്‍ അവസരമൊരുക്കുന്നു. സായംസന്ധ്യയിൽ മുത്തങ്ങ വന്യജീവി സാങ്കേതത്തിലൂടെയുള്ള ജംഗിൾ സഫാരിയുള്പ്പെടുന്നതാണ് വയനാടന്‍ പാക്കേജെന്ന് അധികൃതര്‍ അറിയിച്ചു.
കോടമഞ്ഞുമൂടിയ വയനാടിന്റെ മടിത്തട്ടിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് 24ന് ഉച്ചയ്ക്ക് രണ്ടിന് നെയ്യാറ്റിന്‍കരയില്‍ നിന്നും തുടക്കം കുറിക്കും. വയനാടന്‍ ഗോത്ര വിഭാഗത്തിന്റെ പാരമ്പരാഗത വീടുകളും കലാരൂപങ്ങളും നാട്ടുവൈദ്യവുമൊക്കെ ഒന്നിക്കുന്ന എന്‍ ഊര് പൈതൃക ഗ്രാമം, മലമുകളിലെ സൗന്ദര്യ സാന്നിധ്യമായ പൂക്കോട് തടാകം, തേനീച്ചകളുടെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഹണി മ്യൂസിയം, തടയണയുടെ കരുത്താര്‍ന്ന കാരപ്പുഴ എർത്ത് ഡാം, പഴശിയുടെ വീര സ്മൃതികളുണര്‍ത്തുന്ന മാവിലാംതോട് പഴശിസ്മാരകം, കാനനഭംഗിയാര്ന്ന കബനി നദിയുടെ കുറുവാ ദ്വീപ് മുതലായവ സന്ദര്‍ശിക്കാന്‍ യാത്രക്കാര്‍ക്ക് സൗകര്യമുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായ ബാണാസുര സാഗാർ ഡാം സമ്മാനിക്കുന്ന അത്ഭുതവും ജൈന വാസ്തുവിദ്യയുടെ നേർകാഴ്ചയായ ജെയിൻ ടെംപിളിന്റെ പാരന്പര്യവും യാത്രാപാക്കേജില്‍ ഉള്‍പ്പെടുന്നു.
പുരാതന മനുഷ്യന്റെ ജീവിതവും അപൂർവ ചിത്രകലാ പൈതൃകവും അടങ്ങിയ ഇടയ്ക്കൽ ഗുഹ, വയനാടിന്റെ പഴയകാല പെരുമയുടെ ശേഖരം പേറുന്ന ഹെറിറ്റേജ് മ്യൂസിയം എന്നിവയും യാത്രയ്ക്കിടയില്‍ സന്ദര്‍ശിക്കാം. മലമുകളിലെ മഞ്ഞിൻ കണങ്ങളുടെ തണുപ്പ് ഹൃദയത്തിൽപേറി സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിയും കഴിഞ്ഞ്, ആദിവാസി മൂപ്പൻ കരിന്തണ്ടനെയും ദര്‍ശിച്ച്, താമരശേരി ചുരത്തിലെ സായാഹ്ന ഭംഗിയും ആസ്വദിച്ചാണ് മലയിറക്കം. യാത്രാ നിരക്ക് ഒരാളിന് 4,400 രൂപയാണ്.
യാത്രയിലുടനീളമുള്ള സന്ദർശക ഫീസുകള്‍, റൂമിനും രാത്രി വിശ്രമത്തിനുമൊക്കെയുള്ള ചെലവുകൾ മുഴുവൻ ഈ നിരക്കിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഭക്ഷണം, സന്ദർശക സ്ഥലങ്ങളിലെ റൈഡുകളിലും മറ്റുമുള്ള ചെലവുകൾ എന്നിവ യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്. ബുക്കിംഗിനും വിശദവിവരങ്ങള്‍ക്കും 9562152316 എന്ന നന്പരില് ബന്ധപ്പെടുക.