ബസ് പുരയിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവറുൾപ്പെടെ നിരവധിപേര്‍ക്ക് പരിക്ക്
1337616
Friday, September 22, 2023 11:24 PM IST
വെള്ളറട: അമിതത വേഗത്തിലെത്തിയ കെഎസ്ആര് ടിസി ബസ് ഒറ്റശേഖരമംഗലത്ത് നിയന്ത്രണം തെറ്റി പുരയിടത്തിലേക്ക് പാ ഞ്ഞുകയറി തെങ്ങില്‍ ഇടിച്ചു നിന്നു. ഡ്രൈവറുള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ഒറ്റശേഖരമംഗലം മണ്ഡപത്തിന് കടവ് കുരവറയിലായിരുന്നു സംഭവം. വെള്ളറട ഡിപ്പോയിലെ ടിവി 797 നമ്പര്‍ ബസാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയില്‍ അപകടത്തില്‍പെട്ടത്.
റോഡ് പണി നടക്കുന്നതിനാല്‍ റോഡില്‍ മെറ്റലും പൊടിയും ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെ അമിത വേഗത്തിൽ എത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. എണ്‍പതോളം യാത്രക്കാരുണ്ടായിരുന്ന ബസ് ദിശ തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
സ്റ്റീയറിംഗ് തകരാറാണ് കാരണമെന്നാണ് ഡ്രൈവര്‍ പറയുന്നത്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.അപകട സമയം ഇതുവഴി മറ്റു വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ദുരിതമായി റോഡ്പണി ഇഴയുന്നു
വെള്ളറട: ഒറ്റശേഖരമംഗലം മണ്ഡപത്തിന് കടവ് റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. നിര്‍മാണം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ടാറിംഗ് നടത്തിയിട്ടില്ല. ഒരു മാസമായി റോഡിലെ വാഹനഗതാഗതം വഴിതിരിച്ച് വിടുകയാണ്.
റീടാറിംഗ്പ്രവര്ത്തികള് നടന്നുവന്നതിനാലാണ് വാഹനഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചത്. എന്നാല്‍ ഓഗസ്റ്റ് 17 മുതല്‍ പ്രധാന റോഡിലൂടെ ഗതാഗതം തുടങ്ങിയെങ്കിലും പണി പൂര്‍ത്തിയാകാത്ത റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് വലിയ തോതില്‍ പൊടിശല്യവും അപകട സാധ്യതയും ഉണ്ടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി.