ശാന്തിഗിരിയില്‍ പൂർണകുംഭമേള
1337364
Friday, September 22, 2023 1:15 AM IST
പോത്തന്‍കോട്: വ്രതശുദ്ധിയുടെയും ഭക്തിയുടെയും നിറവിൽ ശാന്തിഗിരി ആശ്രമത്തില്‍ പൂർണ കുംഭമേളആഘോഷിച്ചു.
ഇന്നലെ രാവിലെ അഞ്ചിന് പര്‍ണശാലയില്‍ സന്ന്യാസ സംഘത്തിന്റേയും നിയുക്തരായവരുടെയും നേതൃത്വത്തില്‍ പ്രത്യേക പുഷ്പാഞ്ജലി, ധ്വജം ഉയര്‍ത്തല്‍, പുഷ്പസമര്പണം, ഗുരുപാദവന്ദനം, പ്രസാദ വിതരണം, ഗുരുപൂജ എന്നിവ നടന്നു.
പ്രാർഥനാ ചടങ്ങുകള്‍ക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ നേതൃത്വം നല്കി. വൈകുന്നേരം ആറുമണിയോടുകൂടി കുംഭമേള ഘോഷയാത്രയ്ക്ക് തുടക്കമായി.
ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയാറാക്കിയ തീര്‍ഥം മൺകുടങ്ങളില് നിറച്ച്, ശിരസിലേറ്റി ഘോഷയാത്രയായി ആശ്രമ സമുച്ചയം വലംവച്ചു. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും കുംഭമേളയുടെ അഴകിന് മാറ്റുകൂട്ടി. സങ്കല്പപ്രാർഥനകളോടെ കുംഭങ്ങൾ ഗുരുസന്നിധിയില്‍ സമര്‍പ്പിച്ചു.
ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണം നടന്ന 1973കന്നി നാലിനെ അനുസ്മരിച്ചുകൊണ്ടുള്ള ചടങ്ങാണ് പൂർണകുംഭമേള. 11 ദിവസത്തെ വ്രതാനുഷഠാനങ്ങളോടെയാണ് കുംഭം എടുക്കുന്നത്. രാത്രി10ന് വിശ്വസംസ്കൃതി കലാരംഗത്തിന്റെ കലാപരിപാടികളും അരങ്ങേറി. കുംഭമേളയോട് കൂടി 97-ാമത് നവപൂജിതം ആഘോഷങ്ങൾക്കും സമാപനമായി.