വിഴിഞ്ഞം മാതൃതുറമുഖത്തെ മറന്ന് അധികൃതർ: വരുമാനം നിലച്ചേക്കുമെന്ന് വിലയിരുത്തൽ
1337133
Thursday, September 21, 2023 5:09 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കാനുള്ള തിരക്കിനിടയിൽ മാതൃതുറമുഖത്തിന്റെ കാര്യം മറന്ന് അധികൃതർ. ബന്ധപ്പെട്ടവരുടെ കാര്യമായ ഇടപെടൽ ഇല്ലെങ്കിൽ വരുന്ന മാസം മുതൽ വരുമാനം പൂർണമായിനിലയ്ക്കുമെന്നും വിലയിരുത്തൽ.
കടൽമാർഗമുള്ള വിനോദ സഞ്ചാരമുൾപ്പെടെയുള്ള വിവിധ പദ്ധതികൾ കൊണ്ടുവരുമെന്നു പലവട്ടം നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പാഴ്വാക്കായതും തിരിച്ചടിയായി. തുറമുഖത്തിന്റെ വികസനത്തിനായി വേണമെന്ന് ഓരോ ഏജൻസികളും വാദിച്ച പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കിയെങ്കിലും വരുമാനമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.
ക്രൂ ചേഞ്ചിംഗ് നിലച്ചതോടെ ആദായം കുത്തനെ ഇടിഞ്ഞു. അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനെത്തിച്ചിരുന്ന കടൽ യാനങ്ങളിൽ നിന്നുള്ള യൂസർ ഫീയും തൊഴിലാളികളെ കപ്പലുകളിൽ എത്തിക്കുന്നതിനുള്ള ഫീസുമായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം. അടുത്ത മാസം ആദ്യകപ്പൽ അടുക്കുന്നതോടെ അന്താരാഷ്ട്ര തുറമുഖ അതിർത്തിയിലേക്ക് അദാനിയുടെ കപ്പലുകൾ പൂർണമായി മാറ്റപ്പെടും. അതോടെ നിലവിലെ സാഹചര്യത്തിൽ മാതൃതുറമുഖത്തിന്റെ വരുമാനം ശൂന്യമാകും.
വിദേശ കപ്പലുകളെ അടുപ്പിച്ചുള്ള ക്രൂ ചേഞ്ചിംഗിന് തടസമായി എമിഗ്രേഷൻ വിഭാഗം പറഞ്ഞ ഐഎസ്പിഎസ് കോടും ലഭിച്ചു. അതിർത്തി നിർണയിക്കണമെന്ന ആവശ്യം പരിഗണിച്ച് ലക്ഷങ്ങൾ മുടക്കിയുള്ള ബോയകളും കടലിൽ നിക്ഷേപിച്ചു.
സുരക്ഷയ്ക്കായി ഹൈ പവർ കാമറ കളും ലൈറ്റുകളും സ്ഥാപിച്ചു. ഓരോ ഏജൻസികളും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയെങ്കിലും തുറമുഖ വികസന കാര്യത്തെക്കുറിച്ചു തിരിഞ്ഞ് നോക്കാൻ പോലും ആരുമില്ല. സുരക്ഷയില്ലാതെ ഉപയോഗ ശൂന്യമായ പഴയ വാർഫിനു പകരം പുതിയ വാർഫിനു കസ്റ്റംസ് ക്ലിയറൻസ് ലഭിച്ചാൽ മാലിയിലേക്കുള്ള ചരക്ക് ഗതാഗതമെങ്കിലും പുനഃസ്ഥാപിക്കാമായിരുന്നുവെന്നും അധികൃതർ പറയുന്നു.
വരുമാനമില്ലാതാക്കി മാതൃ തുറമുഖത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള പ്രവർത്തികളാണ് ഇതിനു പന്നിലെന്നും ആരോപണമുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ രണ്ടു വർഷത്തിനിടയിൽ ക്രൂ ചേഞ്ചിംഗ് നടത്തി ഏറ്റവും അധികം വരുമാനമുണ്ടാക്കിയ ഇന്ത്യയിലെ ചെറുകിട പോർട്ടുകളിൽ ഒന്നായിരുന്നു വിഴിഞ്ഞം. കഷ്ടകാലത്ത് കേരളത്തിന്റെ ഖജനാവിലേക്ക് കോടികൾ വരുമാനമുണ്ടാക്കി നൽകിയ തുറമുഖമാണ് വരുമാനമില്ലാതെ ശുഷ്കമായത്.