പ്രഫ. എൻ. കൃഷ്ണപിള്ള മനുഷ്യ സ്നേഹിയായ ആചാര്യൻ: ആന്റണി രാജു
1336884
Wednesday, September 20, 2023 5:29 AM IST
തിരുവനന്തപുരം: നാടക സാഹിത്യം, വിമർശനം, അധ്യാപനം തുടങ്ങി വിവിധങ്ങളായ മേഖലകളിൽ മികച്ച സംഭാവനകൾ നല്കിയ പ്രതിഭയാണ് പ്രഫ. എൻ. കൃഷ്ണപിള്ള എന്ന് മന്ത്രി ആന്റണി രാജു. എൻ. കൃഷ്ണപിള്ളയുടെ മഹത്തരങ്ങളായ എല്ലാ സംഭാവനകൾക്കും മുകളിലാണ് ഗുരുവിന്റെ മനുഷ്യസ്നേഹം എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ സഹകരണത്തോടെ പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ. കൃഷ്ണപിള്ള കലോത്സവം 2023-ന്റെ ഉദ്ഘാടനവും മലയാള ഭാഷാലാബിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രഫ. എൻ. കൃഷ്ണപിള്ളയുടെ 107-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി നന്ദാവനം എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. നാലുദിവസം കലോത്സവം നീണ്ടുനിൽക്കും.
നാടക സാഹിത്യത്തിൽ മൗലികമായ വഴിവെട്ടിതെളിച്ച് പുതിയൊരു നാടക സംസ്കാരം സൃഷ്ടിച്ച ആചാര്യനായിരുന്നു പ്രഫ. എൻ. കൃഷ്ണപിള്ള എന്നും മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. ചടങ്ങിൽ എഴുത്തച്ഛൻ ഹാളിന്റെയും പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ 34-ാം വാർഷികത്തിന്റെയും ഉദ്ഘാടനം ഗാനരചയിതാവ് ശ്രീകുമാരൻ തന്പി നിർവഹിച്ചു. സാഹിത്യ ചരിത്രം, നാടകം, അധ്യാപനം തുടങ്ങിയ മേഖലകളിൽ വേറിട്ട സ്ഥാനം അലങ്കരിക്കുന്ന പ്രഫ. എൻ. കൃഷ്ണപിള്ള പ്രശസ്തിക്കു പിന്നാലെ ഒരിക്കലും പോയിരുന്നില്ല എന്ന് ശ്രീകുമാരൻ തന്പി പറഞ്ഞു. സ്കൂൾ പഠന കാലത്ത് എൻ. കൃഷ്ണപിള്ളയുടെ ഭഗ്നഭവനം എന്ന നാടകത്തിൽ താൻ അഭിനയിച്ച ഓർമകളും ശ്രീകുമാരൻ തന്പി പങ്കിട്ടു. പ്രഫ. എൻ. കൃഷ്ണപിള്ള എന്ന ഗുരുവിന്റെ ചൈതന്യ ധാരയുടെ പ്രകാശമാണ് ശിഷ്യനായ ഡോ. എഴുമറ്റൂർ രാജരാജ വർമയുടെയും ഫൗണ്ടേഷന്റെയും പ്രവർത്തനങ്ങളിൽ നിറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ ഡോ. എഴുമറ്റൂർ രാജരാജ വർമയുടെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ശ്രീകുമാരൻ തന്പി നിർവഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുൻ എംപിയും ഫൗണ്ടേഷൻ ചെയർമാനുമായ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആകാശവാണി പ്രോഗ്രാം മേധാവി ശ്രീകുമാർ മുഖത്തല പ്രഭാഷണം നടത്തി. ഡോ. വി.എസ്. വിനീത് ഗ്രന്ഥാവലോകനം നിർവഹിച്ചു.
പ്രഭാത് ബുക്സ് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ, ഫേമസ് ബുക്സ് മാനേജിംഗ് ഡയറക്ടർ ജി. വിജയകുമാർ എന്നിവർ ആശംസ നേർന്നു പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജ വർമ സ്വാഗതവും ട്രഷറർ ബി. സനിൽകുമാർ നന്ദിയും പറഞ്ഞു. പിന്നണി ഗായകൻ ജി. ശ്രീറാമിന്റെ സ്മരണാഞ്ജലിയോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. തുടർന്ന് നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറി.