നാലാമത് ജലശക്തി പുരസ്കാരം മാണിക്കൽ പഞ്ചായത്തിന്
1301787
Sunday, June 11, 2023 6:28 AM IST
വെമ്പായം: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ജല ശക്തി പുരസ്കാരം മാണിക്കൽ പഞ്ചായത്തിന്. വില്ലേജ് പഞ്ചായത്ത് വിഭാഗത്തിലാണ് രണ്ടാംസ്ഥാനം ലഭിച്ചത്. ആറു ലക്ഷത്തിലധികം പഞ്ചായത്തുകളിൽ നിന്നാണ് മാണിക്കൽ പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തിയത്.
ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന "പുഴയൊഴുകും മാണിക്കൽ' പദ്ധതിയുടെ ഭാഗമായുള്ള ജലസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് പുരസ്കാരം ലഭിച്ചത്. ഹരിതകേരള മിഷൻ, കേന്ദ്ര ഭൂജല ബോർഡ്, സംസ്ഥാന - ജില്ല ഭൂജലവകുപ്പുകൾ, കൃഷി വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജലശക്തി അഭിയാൻ, ഇറിഗേഷൻ തുടങ്ങി വിവിധ വകുപ്പുകളുടെ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടുള്ള മാതൃകാ പദ്ധതികളാണ് മാണിക്കൽ പഞ്ചാ യത്തിൽ നടത്തിവരുന്നത്. അവാർഡിനു പരിഗണിച്ച വിവരം കേന്ദ്ര ജലശക്തി മന്ത്രാലയം കത്തു മുഖാന്തിരം പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്.
17ന് ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതിയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അവാർഡ് ഏറ്റുവാങ്ങും.