റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; യുവതി പിടിയിൽ
1299881
Sunday, June 4, 2023 6:55 AM IST
പേരൂർക്കട: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയ യുവതിയെ മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിനി ബേബി (49) ആണ് അറസ്റ്റിൽ ആയത്. 2019 ലാണു കേസിനാസ്പദമായ സംഭവം.
മണ്ണന്തലയിൽ ഒരു കൺസൾട്ടൻസി സ്ഥാപനം നടത്തിക്കൊണ്ടാണ് യുവതി തട്ടിപ്പു നടത്തിയത്. ഇതിനുവേണ്ടി ഒരു ഏജന്റിനെയും ഇവർ ഏർപ്പാട് ചെയ്തിരുന്നു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 32 പുരുഷന്മാരിൽ നിന്ന് 35 ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിച്ചത്. റഷ്യയിൽ എത്തിപ്പെട്ടവർ ജോലി ലഭിക്കാതെ തിരികെ വന്നതോടുകൂടിയാണ് തട്ടിപ്പ് മനസിലാക്കുകയും സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തത്. ഇതിനിടെ പോലീസ് തന്നെ അന്വേഷിക്കുന്നതായി അറിഞ്ഞ യുവതി ചെന്നൈയിൽ മുങ്ങി നടക്കുകയായിരുന്നു. മണ്ണന്തല സിഐ എ. ബൈജു, എസ്ഐ വി.എസ്. സുധീഷ് കുമാർ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.