നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
1299750
Sunday, June 4, 2023 1:04 AM IST
വിഴിഞ്ഞം: നിയന്ത്രണം വിട്ട ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് ഫിസിയോ തൊറാപ്പിസ്റ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തെന്നൂർക്കോണത്തുവച്ചുണ്ടായ അപകടത്തിൽ കൊല്ലം തഴുത്തല ഉമയനല്ലൂർ മൈലാപ്പൂർ അഖിൽ നിവാസിൽ ഉണ്ണികൃഷ്ണന്റെയും സുനിതയുടെയും മകൻ അഖിൽ കൃഷ്ണ (25) ആണ് മരിച്ചത്.
ബംഗളൂരുവിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം രണ്ടു മാസമായി വിഴിഞ്ഞം തിയറ്റർ ജംഗഷനിലെ സ്വകാര്യ തൊറാപ്പിസ്റ്റ് സെന്ററിൽ ട്രെയിനിയായി ജോലി നോക്കുകയായിരുന്നു. ജോലിക്ക് ശേഷം രാത്രിയിൽ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ അഖിലിനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അതുല്യ സഹോദരിയാണ്.വിഴിഞ്ഞം പോലീസ് കേസെടുത്തു.