പോലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയതായി പരാതി
1299332
Thursday, June 1, 2023 11:56 PM IST
തിരുവനന്തപുരം: മിനിലോറി കാറിൽ തട്ടിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ ആൾ പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയതായി പരാതി. ഇയാൾക്കെതിരേ പോലീസ് കേസെടുത്തതോടെ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ പൂജപ്പുര പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. നെടുമങ്ങാട് സ്വദേശി ഷാഹിൻ (30) ആണ് മിനിലോറി അപകടത്തിൽ പെട്ടതുമായി ബന്ധപ്പെട്ട് ലോറിക്കാർ വിളച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയത്. അപകടത്തിൽപെട്ടു സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കാർ ഷാഹിൻ തുറന്നു പരിശോധിക്കാൻ ശ്രമിച്ചു. സ്റ്റേഷൻ ജിഡി ചാർജ് രഞ്ജിത്ത് ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ഇയാളുമായി വാക്കുതർക്കമുണ്ടായി. ഇതിനിടെ പോലീസുകാരന്റെ കൈക്കും കാലിനും പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഷാഹിനെ കസ്റ്റഡിയിൽ എടുത്തതോടെ ഇയാൾ സ്റ്റേഷനിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു.