മലയാറ്റൂർ സാംസ്കാരിക സായാഹ്നം ഇന്ന്
1298410
Tuesday, May 30, 2023 12:06 AM IST
തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നം ഇന്നു വൈകുന്നേരം ആറുമണിക്ക് തിരുവനന്തപുരം കരമനയിലെ ശാസ്ത്രിനഗർ അസോസിയേഷൻ ഹാളിൽ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.
രണ്ടാമത് മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് "ആന്റിലോക്ക്’ എന്ന നോവൽ രചിച്ച വി.ജെ. ജയിംസിന് ഫൗണ്ടേഷൻ പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ സമ്മാനിക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാട് മലയാറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തും. "മലയാറ്റൂർ ഫൗണ്ടേഷൻ: ഓർമകളുടെ ആൽബം’ എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം സാഹിത്യനിരൂപകനും മാധ്യമ പ്രവർത്തകനുമായ ഡോ. പി.കെ. രാജശേഖരൻ നിർവഹിക്കും. മലയാറ്റൂരിന്റെ "യന്ത്രം’ എന്ന കൃതിയെ ആധാരമാക്കി യുവജനങ്ങൾക്കായി നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം, മലയാറ്റൂർ കലാസന്ധ്യ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. സാഹിത്യ മത്സരത്തിന്റെ ജൂറി ചെയർമാൻ സി. റഹിം, സാഹിത്യ മത്സര വിജയികളായ അജീഷ് ജി. ദത്തൻ, രമ്യ. ആർ. പിള്ള, വി. രഞ്ജിത്ത്, കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജു, എൻ. സോമരാജൻ, വി. ചന്ദ്രശേഖരൻ പിള്ള, നൗഷാദ് എം. അലി, ഫൗണ്ടേഷൻ സെക്രട്ടറി പി. ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.