അവതാളത്തിലായി ബോട്ട് സര്വീസ് ; അറ്റകുറ്റപ്പണിക്കുകൊണ്ടുപോയ ബോട്ടുകള് അതേപടി മടങ്ങിയെത്തി..!
1297907
Sunday, May 28, 2023 3:05 AM IST
വെള്ളറട: നെയ്യാര്ഡാം ബോട്ട് ക്ലബില് കേടായ ബോട്ടുകള് അറ്റകുറ്റപ്പണികള്ക്കായി കൊണ്ടുപോയി രണ്ടുമാസം കഴിഞ്ഞ് തിരച്ചെത്തിച്ചത് കൊണ്ടു പോയതു പോലെ. പൂവാറിലെ കരാറുകാരനാണ് പണി ചെയ്യാതെ ബോട്ട് തിരിച്ചെത്തിച്ചത്.
കട്ടപ്പുറത്തായ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കായി ഡിടിപി സി നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. രണ്ടാഴ്ചയായി ബോട്ടുകള് തിരിച്ചെത്തിച്ചിട്ട്. സര്വീസ് നടത്താന് ഒരു ബോട്ട് മാത്രമാണ് നിലവില് നെയ്യാര് ഡാമിലുള്ളത്.
നെയ്യാര്ഡാമില് വിനോദസഞ്ചാരികള്ക്കായി സര്വീസ് നടത്താന് ഡിടിപിസിയുടെ പക്കലുള്ളത് ഒരു ബോട്ട് മാത്രമെന്നിരിക്കെ മറ്റു ബോട്ടുകള് പണികള് നടത്തി ഫിറ്റ്നസ് നടപടികള് പൂര്ത്തിയാക്കാത്തത് വലിയ അനാസ്ഥയാണെന്ന് സഞ്ചാരികളും നാട്ടുകാരും പറയുന്നു. മൂന്നു പേര്ക്ക് മാത്രം കയറാനാകുന്ന ഒറ്റ ബോട്ടുപയോഗിച്ചാണ് ജലാശയ ത്തിലെ സര്വീസ്. സീസണിലും അവധിക്കാലത്തും ഒട്ടനവധി സഞ്ചാരികളാണ് ഇവിടേക്കെത്തുന്നത്.
ശനി, ഞായര് ദിവസങ്ങളിലെത്തുന്നവര് ബോട്ടുസവാരി നടത്താനാകാതെ നിരാശരായി മടങ്ങുകയാണ്. നെയ്യാര്ഡാമിലെത്തുന്നവര് പ്രധാനമായും ബോട്ടുസവാരി, സഫാരി പാര്ക്കിലേക്കുള്ള യാത്ര എന്നിവയാണ് ലക്ഷ്യമിടുന്നത്. വനംവകുപ്പിന്റെ 22 സീറ്റുള്ള ബോട്ട് നേരത്തെ കട്ടപ്പുറത്തായി. ഡിടിപിസിയുടെ ബോട്ടുകളാണ് പിന്നീട് സര്വീസ് നടത്തിയിരുന്നത്. കാല് ലക്ഷത്തോളം രൂപ മിക്ക ദിവസങ്ങളിലും വരുമാനം ലഭിച്ചിരുന്ന സര്വീസാണ് മൂന്നുസീറ്റിലുള്ള ഒറ്റ സ്പീഡ് ബോട്ടിലൊതുങ്ങിയത്. വധിക്കാലം തുടങ്ങിയിട്ടും ബോട്ട് ക്ലബിന്റെ പ്രതിസന്ധിക്കു പരിഹാരം കാണാന് അധികൃതര് തയാറാകുന്നില്ല.
ആറുപേര്ക്കു കയറാവുന്ന രണ്ടു സഫാരി ബോട്ടും മൂന്നുപേര്ക്കുള്ള ഒരു സ്പീഡ് ബോട്ടും, അഞ്ചു പേര്ക്കുള്ള സെമി സ്പീഡ്ബോട്ടും 15 പേര്ക്ക് യാത്ര ചെയ്യാവുന്ന "അമരാവതി' യുമായി അഞ്ചു ബോട്ടുകളാണ് നെയ്യാര്ഡാം ഡിടിപിസി യുടേതായി സര്വീസ് നടത്തിയിരുന്നത്. ഇരട്ട എന്ജിനുള്ള അമരാവതി അറ്റകുറ്റപ്പണികള്ക്കായി ഒതുക്കിയിരിക്കുകയാണ്.
എന്ജിന് തകരാര് കാരണം സെമി സ്പീഡ് ബോട്ടും മാറ്റി. സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചില്ലെന്ന പേരില് മറ്റുള്ള സെമി സ്പീഡ് ബോട്ടുകള്ക്ക് തുറമുഖ വകുപ്പ് വിലക്കും വന്നു. വിലക്ക് നീക്കി രണ്ടു സഫാരി ബോട്ടുകള് ഓടിത്തുടങ്ങിയതിനിടെയാണ് വീണ്ടും തകരാർ.
ജില്ലാ കളക്ടര് ചെയര്മാനും, സര്ക്കാര് നോമിനിയായി എത്തുന്ന സെക്രട്ടറിയുമാണ് ഡിടി പിസി ഭാരവാഹികള്. ജില്ലയിലെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ദയനീയാവസ്ഥ പരിഹരിക്കാന് വകുപ്പ് മന്ത്രിയും ജില്ലാ കലക്ടറും ഇടപെടണമെന്നാണ് നാട്ടുകാരും ജീവനക്കാരും ആവശ്യപ്പെടുന്നത്.