മുഴുവന്‍ മാര്‍ക്ക് നേടി നെയ്യാറ്റിന്‍കരയ്ക്ക് അഭിമാനമായി അഞ്ചു വിദ്യാർഥിനികൾ
1297339
Thursday, May 25, 2023 11:45 PM IST
നെയ്യാറ്റിന്‍കര : നഗരസഭ പരിധിയിലെ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മൂന്നു പേരും ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ രണ്ടു പേരും ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി. നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജനിക ബി. സാരസം, എം.എസ് മഹിമ, എസ്.പി. ഗായത്രി എന്നിവരും ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആദ്യ റിസ, അനഘ എന്നിവരുമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 1200 മാര്‍ക്കില്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയത്.ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജനിക ബി. സാരസം കാഞ്ഞിരംകുളം എന്‍. കെ.സി ബംഗ്ലാവില്‍ ബിജു എ. സാരസം ഷൈനി ജയിംസ് ദന്പതികളുടെ മകളാണ്. അരുമാനൂര്‍ എംവി എച്ച് എസ് എസ്സിലെ അധ്യാപകനാണ് ബിജു. ഷൈനി പത്തനംതിട്ട തേക്കുതോട് ഗവ. എച്ച്എസ്എസ്സിലെ അധ്യാപികയാണ്. ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എം.എസ്. മഹിമ തൊഴുക്കല്‍ സ്പെഷല്‍ സബ് ജയിലിനു സമീപം അനിഴത്തില്‍ പ്രവാസിയായ മണികണ്ഠന്റെയും മാരായമുട്ടം എഴുത്തച്ഛന് കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സിലെ ക്ലര്‍ക്ക് സുജയുടെയും മകളാണ്. ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്.പി ഗായത്രി ചെങ്കല്‍ പറക്കോണം എം.എസ്. ഭവനിലെ വിമുക്ത ഭടന് ശ്രീകുമാരന്റെയും പ്രിയാറാണിയുടെയും മകളാണ്.നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആദ്യ റിസ വഴുതൂർ സങ്കീർത്തനത്തില്‍ പരേതനായ അജയ് വിൽസണിന്റെയും കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ഹേമലത തിലകത്തിന്റെയും മകളാണ്. ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സി.എസ്. അനഘ പരശുവയ്ക്കല്‍ കലിംഗവിളാകം സുകുമാരത്തില് അഡ്വ. എസ്. ശിശുപാലന്റെയും അഡ്വ. എസ്.കെ ചന്ദ്രകലയുടെയും മകളാണ്.