വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ
1283268
Saturday, April 1, 2023 11:18 PM IST
നെടുമങ്ങാട് :സ്വകാര്യ എൻജിനിയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിൽപ്പനയ്ക്കു ശ്രമിച്ചയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളകത്തുവീട്ടിൽ അനിൽ കൃഷ്ണൻ (23)ആണ് പിടിയിലായത്.ഹോസ്റ്റലിൽ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടർ ടാങ്കിനു ചുവട്ടിൽ കഞ്ചാവ് പൊതികൾ കൊണ്ട് വച്ച ശേഷം വിദ്യാർഥിനികൾക്ക് വിവരം നൽകുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ആവശ്യക്കാർ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. രാത്രിയിൽ ഇയാൾ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത്.ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഇതേ രീതിയിൽ ഹോസ്റ്റലിൽ കടന്ന ഇയാളെ ജീവനക്കാർ തടഞ്ഞു വച്ചു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കഞ്ചാവ് ലഹരിയിൽ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ തടഞ്ഞ അമ്മയെ തലക്കടിച്ചു പരിക്കേല്പിച്ചതുൾപ്പെടെ ഇയാൾക്കെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറു കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.