വധശ്രമക്കേസിലെ പ്രതിയെ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ
1282993
Friday, March 31, 2023 11:35 PM IST
പാലോട്: വധശ്രമക്കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ഇടവം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് അഖിൽ എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഷൈജുവിനെ ഒളിവിൽ പോകാൻ സഹായിച്ച പെരിങ്ങമല ചിറ്റൂർ മീരാൻ വെട്ടിക്കരിക്കകം ചാത്തിമംഗലത്ത് വീട്ടിൽ സുന്ദരേശൻ (58), പെരിങ്ങമല ചിറ്റൂർ മീരാൻ വെട്ടിക്കരിക്കകം ചാത്തി മംഗലത്ത് വീട്ടിൽ സുനിൽകുമാർ (47), ഇടിഞ്ഞാർ ഇടവം പടിഞ്ഞാറേക്കര വീട്ടിൽ സുൽഫിക്കർ (36) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റു നാലു പ്രതികളെ പോലീസ് പിടികൂടിയിരുന്നു.
വീടുകയറി ആക്രമണം: പ്രതി പിടിയിൽ
തിരുവനന്തപുരം: വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമ ണം നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ശ്രീകാര്യം പൗഡിക്കോണം കടയിൽ വീട്ടിൽ അഭിലാഷ് (39) നെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗാന്ധിപുരം സ്വദേശിയായ 65 വയസുള്ള സുദർശനന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അസഭ്യം പറയുകയും ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിക്കുകയും ഇരുമ്പുവടികൊണ്ട് വീട്ടുസാധനങ്ങൾ അടിച്ചു തകർക്കുകയുമായിരുന്നു.
മുന്പ് വയോധികനെ ഭീഷണിപ്പെടുത്തി 5,000 രൂപ വാങ്ങിയിട്ടുള്ള പ്രതി, വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയാറാകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.