മരിയനാട് ഫുട്ബോൾ: ഫൈനൽ ഇന്ന്
1280604
Friday, March 24, 2023 11:05 PM IST
മരിയനാട്: ബിപിബിപിഎം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 38 -ാ മതു നയൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ഇന്ന്. ബിപിബിപിഎം സ്റ്റേഡിയത്തിൽ ഇന്നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ഫൈനലിൽ ജെഎസ്എസി പുതിയതുറ എസ്എഎസ്സി ഫാത്തിമാപുരത്തെ നേരിടും. ഫൈനൽ മത്സരത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യം ലയോള കോളജിലെ എംഎസ്ഡബ്ല്യൂ നാലാം സെമസ്റ്റർ വിദ്യാർഥികൾ പകിട എന്ന പേരിൽ ലഹരിക്ക് എതിരെയുള്ള ബോധവത്കരണ പരിപാടി നടത്തും.ടൂർണമെന്റിലെ വിജയികൾക്ക് ഒരുലക്ഷം രൂപയും ബിപിബിപിഎം എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും. ഫ്രാൻസിസ് ക്ലീറ്റസിന്റെ ക്ലിപ്റ്റൻ ഇന്റർനാഷണൽ ഗ്രൂപ്പ് ദുബായ് ആണ് സമ്മാനം സ്പോണ്സർ ചെയ്തിരിക്കുന്നത്. റണ്ണർ അപ്പിന് 50,000 രൂപയും ബിപിബിപിഎം എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. കഠിനംകുളം പാലസ് ഹോട്ടൽ ആണു സ്പോണ്സർ ചെയ്തിരിക്കുന്നത്. ചിറയിൻകീഴ് എംഎൽഎ വി. ശശി സമ്മാനദാനം നിർവഹിക്കും. റിട്ട. ഹൈക്കോടതി ജഡ്ജി ജെ.എം. ജയിംസ്, ഫ്രാൻസീസ് ക്ലീറ്റസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത, ബ്ലോക്ക് മെംബർ ജനറ്റ് വിക്ടർ, പഞ്ചായത്ത് മെംബർ അഡ്വ.ജോസ് നിക്കോളാസ്, എസ്. രജനി, ലൈബ്രറി രക്ഷാധികാരി ഫാ. സൈറസ് കളത്തിൽ, സഹരക്ഷാധികാരി ഫാ. ബാബുരാജ്, ലൈബ്രറി പ്രസിഡന്റ് ഫെലിക്സ് തോബിയാസ്, ടൂർണമെന്റ് കണ്വീനർ പി. മൈക്കിൾ തുടങ്ങിയവർ പ്രസംഗിക്കും.