തലേക്കുന്നിലിന്റെ ഓർമദിനം: ഓർഫനേജിലെ സഹോദരങ്ങൾക്കൊപ്പം സമ്മോഹനം
1280020
Wednesday, March 22, 2023 11:54 PM IST
തിരുവനന്തപുരം: രാഷ്ട്രീയ, സാമൂഹിക, സാഹിത്യ, സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഒന്നാമത് ഓർമദിനമായ 25 ന് സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്മ ഓർഫനേജിലെ സഹോദരങ്ങൾക്കൊപ്പം അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കും.
കാട്ടാക്കട കിള്ളിയിലെ പ്രോവിഡൻസ് ഹോം ഓർഫനേജിൽ അന്തേവാസികൾകളോടും സിസ്റ്റർമാരോടും ഒപ്പം പ്രാതൽ കഴിച്ചശേഷം നടക്കുന്ന അനുസ്മരണ പ്രാർഥനയിലും സമ്മോഹനം പങ്കുചേരുമെന്ന് ചെയർമാൻ അഡ്വ. വിതുര ശശി, ജനറൽ കണ്‍വീനർ പിരപ്പൻകോട് സുഭാഷ് എന്നിവർ അറിയിച്ചു.
മുൻകാല കെഎസ്യു നേതാക്കളുടെ സൗഹൃദ കൂട്ടായ്മയാണ് സമ്മോഹനം. കെഎസ്യുവിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും പുനഃസംഘടിപ്പിക്കപ്പെട്ട കേരള സർവകലാശാലാ യൂണിയന്റെ പ്രഥമ ചെയർമാനുമായിരുന്ന തലേക്കുന്നിൽ ബഷീർ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതു പ്രവർത്തന ജീവിതം ആരംഭിക്കുന്നത്.