കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഉത്പാദന, ആരോഗ്യ, കായിക മേഖലകള്‍ക്ക് ഊന്നല്‍
1280016
Wednesday, March 22, 2023 11:54 PM IST
കിളിമാനൂർ: ഉത്പാദന,ആരോഗ്യ കായിക മേഖലകൾക്ക് പ്രാധാന്യം നല്കി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വർഷത്തെ ബജറ്റ്. ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് സ്മാരക ഹാളിൽ ചേർന്ന ബജറ്റ് സമ്മേളനത്തിൽ പ്രസിഡന്റ് ബി.പി. മുരളി അധ്യക്ഷനായി. 72,91,48,960 രൂപ വരവും 72,82,67,000 രൂപ ചെലവും 8,81,960 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണണൻ അവതരിപ്പിച്ചു.
ഉത്പാദന മേഖലയിൽ തൊഴിലും വരുമാനവും വർധിപ്പിക്കുന്നതിനായി 1.64 കോടി രൂപയുടെ പദ്ധതികൾ വിഭാവനം ചെയ്യുന്നു. കിഴങ്ങുവിള കൃഷിയുടെ പ്രോത്സാഹനത്തിനായി 34 ലക്ഷം രൂപയും നെൽകൃഷി വികസനത്തിനായി 70 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ നൂതന പദ്ധതികൾക്കായി 183 ലക്ഷം രൂപ മാറ്റിവച്ചു. ജീവിതശൈലി രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്കായി വീടുകളിൽ ചെന്ന് രക്തപരിശോധന നടത്തി മരുന്നുകൾ നല്കുന്ന പദ്ധതിക്കായി 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
ഭവന നിർമാണ പദ്ധതികൾക്കായി ജനറൽ പട്ടികജാതി വിഭാഗത്തിനായി 9.15 കോടി രൂപയും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 50 കോടി രൂപയുടെ വികസന പദ്ധതികളും ബജറ്റിൽ വിഭാവനം ചെയ്യുന്നു. കലാ കായിക സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്ലോക്ക് പരിധിയിൽ സ്ഥലം ലഭ്യമാക്കുന്ന എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം നിർമിച്ചു നല്‍കും.
ബ്ലോക്ക് പരിധിയിലെ 136 വാർഡുകളിലും ഡിജിറ്റൽ സാക്ഷരത നല്‍കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. പൊതുബജറ്റിനൊപ്പം സ്റ്റാൻഡിംഗ് കമ്മറ്റി ജൻഡർ ബജറ്റും ചെയർപേഴ്സൺ പി. പ്രസീത അവതരിപ്പിച്ചു.