താലൂക്ക് തല അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം
1279997
Wednesday, March 22, 2023 11:24 PM IST
തിരുവനന്തപുരം: മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടു മുതൽ 11 വരെ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കം. കരുതലും കൈത്താങ്ങും എന്ന പേരിൽ ജില്ലയിലെ ആറ് താലൂക്കുകളിലായി നടക്കുന്ന അദാലത്തിനുള്ള ഒരുക്കങ്ങൾ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തി. ഏപ്രിൽ ഒന്നു മുതൽ 15 വരെ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും.
താലൂക്ക് ഓഫീസുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴി നേരിട്ടും ഓൺലൈനായും പരാതി സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കാനുള്ള പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയാറായി വരികയാണ്. തിരുവനന്തപുരം മേയ് രണ്ട്, നെടുമങ്ങാട് മേയ് ആറ്, നെയ്യാറ്റിൻകര മേയ് നാല്, ചിറയിൻകീഴ് മേയ് എട്ട്, കാട്ടാക്കട മേയ് 11, വർക്കല മേയ് ഒന്പത് എന്നിങ്ങനെയാണ് അദാലത്ത് തീയതികൾ. എല്ലാ താലൂക്കിലും ഇതിനോടകം താലൂക്ക് അദാലത്ത് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്. നെടുമങ്ങാട് താലൂക്കിൽ ആർഡിഒ, മറ്റു താലൂക്കുകളിൽ വിവിധ ഡെപ്യൂട്ടി കളക്ടർമാർ എന്നിവർ കൺവീനറായും തഹസിൽദാർമാർ ജോയിൻ കൺവീനറായുമാണ് സെൽ രൂപീകരിച്ചത്. ജില്ലാ ഓഫീസർമാർ കൺവീനറായി ഓരോ വകുപ്പിലും അദാലത്ത് സെല്ലുകൾ രൂപീകരിച്ചു.
28 വിഷയങ്ങളിൽ ലഭിക്കുന്ന പരാതികളാണ് അദാലത്തിൽ പരിഗണനയ്ക്കെടുക്കുക. നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ 25നും നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ 27 നും ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ 28നും സംഘാടകസമിതി യോഗങ്ങൾ ചേരും.
അദാലത്ത് സംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി വിപുലമായ പ്രചാരണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.