റോഡിന്റെ ഗുണനിലവാരം മന്ത്രി മുഹമ്മദ് റിയാസ് വിലയിരുത്തി
1279996
Wednesday, March 22, 2023 11:24 PM IST
നേമം: പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ ഗുണനിലവാര പരിശോധന വിലയിരുത്തുകയായിരുന്നു അദ്ദേഹം.
പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ഗുണനിലവാര പരിശോധന പൂർത്തീകരിക്കാൻ ലാബിലൂടെ സാധിക്കുമെന്നും റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന മിക്സിന്റെ താപനില, ബൈൻഡർ കണ്ടന്റ്, ബിറ്റുമിൻ കണ്ടന്റ് എന്നിവ പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർമാരായ അജിത് രാമചന്ദ്രൻ, ഹൈജീൻ ആൽബർട്ട്, എക്സിക്യൂട്ടീവ് എൻജിനീയർ പി.എസ്. ജ്യോതീന്ദ്രനാഥ്, പി. ഇന്ദു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.