വ്യാജരേഖയുണ്ടാക്കി പണംതട്ടിയെന്നു പരാതി
1279209
Sunday, March 19, 2023 11:56 PM IST
കാട്ടാക്കട: പൂവച്ചലിൽ തൊഴിലുറപ്പ് പദ്ധതിയിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയതായി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട്. തട്ടിപ്പു പുറത്തായതിനെ തുടർന്ന് 18,000 രൂപ മാത്രം അടച്ച് തടിതപ്പാൻ ശ്രമമെന്നും ആരോപണം.
പൂവച്ചൽ പഞ്ചായത്തിൽ ഒന്പത് അംഗങ്ങൾ ചേർന്ന് 1.68ലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവിൽ പുറത്തുവന്നത്. സിപിഎം, സിപിഐ, കോൺഗ്രസ്, ബിജെപി തുടങ്ങിയ പാർട്ടികളിലെ അംഗങ്ങൾ ഉൾപ്പെട്ടതിനാൽ സംഭവം പുറത്തറിഞ്ഞില്ല. സിപിഎം അംഗങ്ങളായ ഒ. ഷീബ, ജി.ആർ. രശ്മി, കെ.ആർ. അജിത, വി. ബിന്ദു, സിപിഐ അംഗം കെ.എസ്. ഷമീമ, കോൺഗ്രസ് അംഗങ്ങളായ സൗമ്യ ജോസ്, ആർ. അനൂപ്, ബി.ജെ.പി അംഗങ്ങളായ ബി.കെ. അശ്വതി, വി. അഖില എന്നിവർക്കെതിരെയാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്.
പാവപ്പെട്ടവർക്ക് ലഭിക്കേണ്ട 569 തൊഴിൽ ദിനങ്ങളാണ് ഒന്പ തംഗങ്ങൾ തട്ടിയെടുത്തത്. 10,000 രൂപ മുതൽ 27,000 രൂപവരെയാണ് ഓരോരുത്തരും പണിയെടുക്കാതെ കൂലിയായി വാങ്ങിയത്.
2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റിംഗ് റിപ്പോർട്ടിലാണ് കണ്ടെത്തലുകളുള്ളത്. റിപ്പോർട്ടിനുമേൽ നടപടി സ്വീകരിച്ചാൽ ഈ അംഗങ്ങൾ അയോഗ്യരാകും. പണം തിരിച്ചടയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടെങ്കിലും 18,000 രൂപ മാത്രമാണ് അടച്ച്, അബദ്ധം പറ്റിയതാണെന്നു ന്യായീകരിച്ചു തടിയൂരാനാണ് ശ്രമം.
സാമ്പത്തിക തട്ടിപ്പായതിനാൽ വിജിലൻസിന് കേസെടുക്കാം. തെറ്റുചെയ്തത് ജനപ്രതിനിധികളായതിനാൽ അയോഗ്യരാക്കാനും ചട്ടമുണ്ട്. പക്ഷെ അഴിമതിയിൽ മൂന്നു പാർട്ടിക്കും പങ്കുള്ളതിനാൽ സംഭ വം ഒതുക്കി തീർക്കുകയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.