പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ : വിശ്വാസ ചൈതന്യത്തിന്റെ ഒന്നര നൂറ്റാണ്ട്
1279196
Sunday, March 19, 2023 11:54 PM IST
റിച്ചാർഡ് ജോസഫ്
തിരുവനന്തപുരം: തലമുറകൾക്കു വിശ്വാസ ചൈതന്യം പകർന്ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ 150-ന്റെ നിറവിൽ. 1853നും 1873നും ഇടയിൽ ഇപ്പോഴത്തെ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തിനു സമീപം ഒരു ഓലക്കെട്ടിടത്തിൽ വിശുദ്ധ ദിവ്യബലിയർപ്പിച്ചിരുന്നതായി പുരാരേഖകളിൽ കാണാം. പിന്നീട് യൂറോപ്യൻ ഗോഥിക് വാസ്തുവിദ്യാ മാതൃകയിൽ 1873ൽ ആണ് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ പണി പൂർത്തിയാക്കിയത്. 1873 മേയ് നാലിന് കൊല്ലം രൂപത അപ്പസ്തോലിക് വികാർ മോണ്. ഇൾഡഫോൻസ് ഒസിഡി പള്ളി ആശിർവദിച്ചു. ആറായിരത്തോളം വിശ്വാസികൾ അന്ന് ഇവിടെയെത്തിയിരുന്നതായി അക്കാലത്തെ രേഖകൾ വ്യക്തമാക്കുന്നു. 1864 മുതൽ 1948 വരെ ഇടവകയിൽ സേവനം ചെയ്തിരുന്ന വിദേശീയരായ കർമലീത്ത സന്ന്യാസ വൈദികരുടെ പ്രവർത്തനങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു. യൂറോപ്യൻമാരായ 16 വൈദികരായിരുന്നു ഈ കാലയളവിൽ ഇടവകയെ ധന്യമാക്കിയത്. പിന്നീട് തൈക്കാട്, നന്തൻകോട്, വെള്ളയന്പലം, മണക്കാട് ഇടവകകൾ പാളയം ഇടവകയിൽനിന്നും രൂപം കൊണ്ടു.
ഇന്നു കാണുന്ന രീതിയിലുള്ള പള്ളിയായിരുന്നില്ല 1873 ൽ ആശിർവദിക്കപ്പെട്ടത്. പള്ളിക്ക് അന്ന് മണിമാളിക ഉണ്ടായിരുന്നില്ല. 1912 ൽ പള്ളി കൂടുതൽ വിപുലീകരിച്ചു. പ്രധാന അൾത്താരയിൽ സ്ഥാപിച്ചിരിക്കുന്ന സെന്റ് ജോസഫിന്റെ തിരുസ്വരൂപം 1921 ൽ അന്ന് സഹവികാരിയായി ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ഫാ. ബ്രൊക്കാർഡ് വിദേശത്തു നിന്നും കൊണ്ടുവന്നതാണ്. പിന്നീട് 1927ൽ ആണ് ഇന്നു കാണുന്ന മുഖവാരത്തോടു കൂടിയുള്ള പള്ളിയുടെ പ്രവർത്തികൾ ആരംഭിച്ചത്. ആറു വർഷത്തോളമെടുത്തായിരുന്നു നിർമാണം പൂർത്തിയാക്കിയത്. ഇതിനായി പതിനായിരത്തോളം രൂപ ചെലവഴിച്ചതായാണ് കണക്ക്. പണി പൂർത്തിയായ 1933 ൽ ഇതോടൊപ്പം പള്ളിമണിയും സ്ഥാപിച്ചു.
1927 ൽ ബൽജിയം സ്വദേശിയായ ഒരു വനിത മൂന്നു മണികൾ പള്ളിക്കു സംഭാവന ചെയ്തതായി രേഖയുണ്ട്. ഇവ കപ്പലിൽ കയറ്റി ചെന്നൈ വഴിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. പള്ളിയുടെ അകത്ത് ഇവ സ്ഥാപിച്ച് ജോസഫ്, സേവ്യർ, അലോഷ്യസ് എന്നിങ്ങനെ പേരുകൾ നൽകി. ഗോപുരത്തിന്റെ നിർമാണം രണ്ടാം ഘട്ടത്തിൽ എത്തിയപ്പോൾ അതിനു മുകളിലേക്ക് ഇവ ഉയർത്തി സ്ഥാപിച്ചു. പള്ളിയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന യേശുക്രിസ്തുവിന്റെ വലിയ പൂർണകായ പ്രതിമ ഇറ്റലിയിൽ നിന്നും എത്തിച്ചതാണ്.
വിദേശ മിഷനറിയായ ഫാ. ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. എന്നാൽ പിന്നീട് അദ്ദേഹം സ്ഥലം മാറിപ്പോകുകയും ഫാ. എമിജിയസ് എന്ന വൈദികൻ വികാരിയായി എത്തുകയും ചെയ്തു. 1873 ൽ ഫാ. എമിജിയസ് വികാരിയായിരിക്കുന്പോഴാണ് പള്ളി പണി പൂർത്തിയായത്. മണിമാളികയുടെ നിർമാണം പൂർത്തിയായതോടെ പള്ളിയുടെ ഇളം ചന്ദന നിറം കടുംചുവപ്പു നിറത്തിലേക്കു മാറി. 2010 വരെ ഈ നിറം തുടർന്നു. 2010 ൽ പള്ളി പൂർണമായും പുനരുദ്ധരിച്ചു. അതോടെ കത്തീഡ്രൽ പള്ളിക്കു തൂവെള്ള നിറം നൽകി.
പാളയം സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ മാതൃ ദേവാലയം പേട്ട സെന്റ് ആൻസ് ദേവാലയമാണ്. 1937ൽ തിരുവനന്തപുരം രൂപത സ്ഥാപിതമായതോടു കൂടിയാണ് പാളയം ദേവാലയം ഭദ്രാസന ദേവാലയമായത്. 1995 ൽ പാളയം ഫൊറോനയുടെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങൾ ഉൾപെടുത്തി പേട്ട ഫൊറോനയ്ക്കു രൂപം നൽകി.
1921 ൽ ആണ് പാളയം കത്തീഡ്രലിനോടു ചേർന്ന് പാളയം സെന്റ് ജോസഫ്സ് എൽപി സ്കൂൾ സ്ഥാപിച്ചത്. അതിരൂപതയും വിവിധ സന്യാസസഭകളും നടത്തുന്ന പ്രസിദ്ധമായ വിദ്യാലയങ്ങൾ ഇന്നും പാളയം ഫൊറോനയിൽ നിലനിൽക്കുന്നു.
കൂടാതെ അതിരൂപതയുടെയും സഭകളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ആതുര ശുശ്രൂഷാലയങ്ങളും പുനരധിവാസ കേന്ദ്രങ്ങളും നഗരത്തിലുണ്ട്. നഗരമധ്യത്തിൽ സർവമത സൗഹാർദത്തിന്റെ പ്രതീകമായി ഇന്നു സെന്റ് ജോസഫ്സ് കത്തീഡ്രൽ നിലകൊള്ളുന്നു. സമീപത്തായി പാളയം ജുമാ മസ്ജിതും ക്ഷേത്രവും സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ ഉണർത്തുന്ന രക്തസാക്ഷി മണ്ഡപവും ഉയർന്നു നിൽക്കുന്നു.
ലോഗോ പ്രകാശനം ഇന്ന്
തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിന്റെ 150-ാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ഇന്നു വൈകുന്നേരം തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ. നെറ്റോ നിർവഹിക്കും. ഇന്നു വൈകുന്നേരം 5.30ന് ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്കു ശേഷമാണ് ചടങ്ങ്. മേയ് നാലു മുതൽ ഡിസംബർ മൂന്നുവരെ നീളുന്ന ആഘോഷപരിപാടികളാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.