മണ്ണ് മാറ്റാൻ ജിയോളജി ഡയറക്ടർക്ക് സമൻസ് അയക്കേണ്ടിവരുന്നത് ലജ്ജാകരം : മനുഷ്യാവകാശ കമ്മീഷൻ
1264044
Wednesday, February 1, 2023 11:00 PM IST
തിരുവനന്തപുരം : സർക്കാർ ഭൂമിയിലുള്ള മണ്ണിടിഞ്ഞ് നിർദ്ധന കുടുംബം താമസിക്കുന്ന വീടിന് മുകളിലേക്ക് വീണിട്ടും അത് മാറ്റാൻ മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർക്ക് സമൻസ് അയക്കേണ്ടിവന്നത് ലജ്ജാകരമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.സാങ്കേതികത്വത്തിന്റെ പേരിൽ മണ്ണ് മാറ്റാത്ത സംഭവത്തിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ഡയറക്ടർ ഹാജരാകാത്തതിലും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് അതൃപ്തി രേഖപ്പെടുത്തി. ഇത്തരം പരാതികൾ ഇനി ആവർത്തിക്കരുതെന്നും കമ്മീഷൻ ഡയറക്ടർക്ക് താക്കീത് നൽകി.വാഴമുട്ടം പാറവിളയിൽ തൽഹത്തിന്റെയും നവാസിന്റെയും വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. മണ്ണ് മാറ്റാൻ വീട്ടുകാർ ഫീസും അടച്ചു. എന്നിട്ടും പെർമിറ്റിന്റെ പേരുപറഞ്ഞ് മണ്ണ് മാറ്റാതിരുന്നപ്പോഴാണ് മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം കമ്മീഷനെ സമീപിച്ചത്.കമ്മീഷൻ മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടർക്ക് നോട്ടീസും സമൻസും അയച്ചിട്ട് മറുപടി നൽകിയില്ല. അവധിയും ഹാജരാക്കിയില്ല. നേരിട്ട് ഹാജരാകാൻ സമൻസ് അയച്ചപ്പോൾ അന്നേ ദിവസം കോടതിയിൽ കേസുണ്ടെന്ന് പറഞ്ഞ് സീനിയർ ജിയോളജിസ്റ്റിനെ അയച്ചു. ഡയറക്ടറെ വിളിക്കുമ്പോൾ ജിയോളജിസ്റ്റല്ല വരേണ്ടതെന്നും കമ്മീഷൻ വിമർശിച്ചു. ഡയറക്ടർ കാണിച്ച വൈമുഖ്യം ഒട്ടും ഉചിതമായില്ലെന്നും ഉത്തരവിൽ പറയുന്നു.