പാലോട് കാർഷിക മേള വജ്രജൂബിലി നിറവിൽ
1263759
Tuesday, January 31, 2023 11:30 PM IST
വെഞ്ഞാറമൂട്: പാലോട്ട് നടത്തുന്ന കാർഷിക മേള വജ്രജൂബിലി നിറവിൽ. കന്നുകാലി ചന്തയും കാർഷിക കലാ, സാംസ്കാരിക മേളയും ഏഴിന് ആരംഭിച്ച്16 ന് സമാപിക്കും. വജ്ര ജൂബിലി നിറവിലെത്തിയ മേള വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ജനകീയ കൂട്ടായ്മ. വിനോദ സഞ്ചാര വാരാഘോഷവും വൈവിധ്യങ്ങളായ കാർഷിക വിനോദ വിജ്ഞാന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ജനറൽ സെക്രട്ടറി പി.എസ്. മധു ,ചെയർമാൻ ഡി. രഘുനാഥൻ, ട്രഷറർ വി.എസ്. പ്രമോദ്, പ്രോഗ്രാം കൺവീനർ ഇ. ജോൺകുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏഴിന് രാവിലെ ഒന്പതിന് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു മേള ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ആറിന് മന്ത്രി വി.ശിവൻകുട്ടി കലാമേളയും ടൂറിസം ആഘോഷങ്ങളും ഉദ്ഘാടനം നിർവഹിക്കും. കർഷക സംഗമം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് മേള നഗരിയിൽ 60 കാർഷിക ദീപങ്ങൾ തെളിക്കും. സർക്കാർ അർദ്ധ സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളുടെ 200 ഓളം പ്രദർശന വിപണന സ്റ്റാളുകളും വിവിധ ഇനത്തിൽപ്പെട്ട ആടുമാടുകളുടെ വിൽപ്പനയും ക്രമീകരിച്ചിട്ടുണ്ട്. മേളയുടെ ഭാഗമായി ആർസിസിയുടെ നേതൃത്വത്തിൽ കാൻസർ പരിശോധനയും ചികിത്സയും നടത്തും.അറുപത് നിർധന രോഗികൾക്ക് ചികിത്സാ സഹായം വിതരണവും നടക്കും.
500 വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, കെപിഎസി ഉൾപ്പടെ പ്രമുഖ കലാസമിതികളുടെ കലാപരിപാടികൾ,പുഷ്പ ഫലസസ്യ പ്രദർശനവും വിൽപ്പനയും, ബനാന നഴ്സറി, ജില്ലാ കൃഷിത്തോട്ടം,ടിബിജിആർഐ, എണ്ണപ്പന ഗവേഷണ കേന്ദ്രം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവയുടെ പവലിയനുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.ഫുട്ബോൾ, വോളിബോൾ, കബഡി ചാമ്പ്യൻഷിപ്പും അമച്വർ നാടക മത്സരവും നടത്തും. 16 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സബ് കമ്മിറ്റി കൺവീനർമാരായ പി. രജി , കൃഷ്ണൻകുട്ടി, ടി. എസ്. ബിജു എന്നിവർ പങ്കെടുത്തു.