ബൈക്ക് റേസിംഗ് നിയന്ത്രിക്കാറുണ്ടോ? പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ
1263433
Monday, January 30, 2023 11:11 PM IST
തിരുവനന്തപുരം : തിരക്കേറിയ റോഡുകളിൽ റേസിംഗ് ബൈക്കുകൾ അമിത വേഗതയിൽ സഞ്ചരിക്കുന്നത് നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന ഗതാഗത കമ്മീഷണറും നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കോവളം വാഴമുട്ടത്ത് ആഡംബര ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരിയും ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് പനത്തുറ തുരുത്തി കോളനിയിൽ സന്ധ്യ (5) മരിച്ചത്. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന പട്ടം സ്വദേശി അരവിന്ദും (24) മരിച്ചു. 12 ലക്ഷം രപ വിലമതിക്കുന്ന ബൈക്കാണ് അപകടത്തിൽ പെട്ടതെന്ന് പത്രറിപ്പോർട്ടിൽ പറയുന്നു. കോവളത്ത് ഫോട്ടോ ഷൂട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്നു അരവിന്ദ്. കേസ് ഫെബ്രുവരി 28 ന് പരിഗണിക്കും.