ഓഫീസിനുള്ളിൽ നിരാഹാരസമരവുമായി ഒരുവിഭാഗം, പോലീസെത്തി ഓഫീസ് പൂട്ടി
1263425
Monday, January 30, 2023 11:11 PM IST
തിരുവനന്തപുരം : കോണ്ഗ്രസ് അനുകൂല സംഘടനയായ കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഭിന്നത രൂക്ഷമായി. അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുന്പ് ഉണ്ടായ ഭിന്നതയുടെ തുടർച്ചയായി ഇന്നലെ ഒരു വിഭാഗം പ്രവർത്തകർ കന്റോൺമെന്റിനു സമീപമുള്ള അസോസിയേഷൻ ഓഫീസിൽ നിരാഹാര സമരം ആരംഭിച്ചു. അസോസിയേഷൻ മുൻ ഭാരവാഹിയായ ജ്യോതിഷിന്റെ നേതൃത്വത്തിലായിരുന്നു രാവിലെ സമരം ആരംഭിച്ചത്. കെട്ടിടത്തിന്റെ മുകളിലെ നിലയിൽ കയറി മുദ്രാവാക്യം വിളിച്ച ശേഷമാണ് നിരാഹാരസമരം പ്രഖ്യാപിച്ചത്. അസോസിയേഷൻ കഴിഞ്ഞ വർഷം നടത്തിയ സംഘടനാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഇന്നലെ ഒരുവിഭാഗം പ്രവർത്തകർ നിരാഹാരസമരം പ്രഖ്യാപിച്ച് അസോസിയേഷൻ ഓഫീസിലെത്തിയത്. തുടർന്ന് പോലീസെത്തി ഇവരെ ഓഫീസിൽ നിന്നും പുറത്തിറക്കിയ ശേഷം ഓഫീസ് പൂട്ടി. മാസങ്ങളായി തുടരുന്ന അഭിപ്രായവ്യത്യാസം പരിഹരിക്കാൻ കോണ്ഗ്രസ് നേതൃത്വം മുൻകൈ എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടയിലാണ് ഇന്നലെ ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.