"പ്രശാന്ത വിസ്മയം' നാളെ ശ്രീമൂലം ക്ലബിൽ
1262843
Saturday, January 28, 2023 11:53 PM IST
തിരുവനന്തപുരം: ശാരീരിക, മാനസിക പരിമിതികളെ വിസ്മയാവഹമായ കഴിവുകളിലൂടെ തോൽപ്പിച്ച് ഖ്യാതി നേടിയ ഡോ. പ്രശാന്ത് ചന്ദ്രന് പുതുതായി ലഭിച്ച 17 ലോക റിക്കാർഡുകൾ നാളെ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. തിരുവനന്തപുരം ശ്രീ മൂലം ക്ലബിൽ നാളെ രാവിലെ 10.30 മുതൽ നടക്കുന്ന ചടങ്ങിൽ 500 ലധികം ഭിന്നശേഷിക്കാർ പങ്കെടുക്കും.
മൂന്ന് ദേശീയ പുരസ്കാരങ്ങളും, പത്തിലധികം ലോക റിക്കാർഡുകളും മൂന്നുറിലധികം പുരസ്കാരങ്ങളും ഇതിനോടകം പ്രശാന്ത് സ്വന്തമാക്കിയിട്ടുണ്ട്. മന്ത്രിമാരും, ജനപ്രതിനിധികളും, സിനിമാ രംഗത്തെ പ്രമുഖരും മറ്റ് സാമൂഹിക സാംസ്കാരിക കലാസാഹിത്യ രംഗത്തെ പ്രമുഖരുമാണ് 17 പുരസ്കാരങ്ങൾ പ്രശാന്തിന് സമ്മാനിക്കുക.
സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ്, ലയണ്‍സ് ക്ലബ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് 318 എ, നിംസ് മെഡി സിറ്റി, റോട്ടറി ക്ലബ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, ആന്റി നാർക്കോട്ടിക് ആക്ഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയും സംയുക്തമായാണ് പ്രശാന്ത വിസ്മയം എന്ന പേരിൽ പരിപാടി നടത്തുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും നൽകുമെന്നും സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.