അബു കാക്ക അന്തരിച്ചു; മാഞ്ഞത് വെഞ്ഞാറമൂടിന്റെ ശബ്ദവും വെളിച്ചവും
1262562
Saturday, January 28, 2023 12:03 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂടിന്റെ സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന അബു കാക്ക എന്ന് അടുപ്പമുള്ളവർ സ്നേഹപൂർവം വിളിച്ചിരുന്ന അബു ഹസൻ അന്തരിച്ചു. ഇന്നലെ വൈകുന്നേരത്തോടെ പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് മാണിക്കൽ മുസ്ലിം ജുമാ മസ്ജിദിൽ നടക്കും.
ബീമാ സൗണ്ട്സ് എന്ന സ്ഥാപനത്തിലൂടെ അര നൂറ്റാണ്ടിലേറെയായി വെഞ്ഞാറമൂട്ടിലെയും പരിസര മേഖലകളിലെയും സാംസ്കാരിക രാഷ്ട്രീയ ഉത്സവ പരിപാടികളിൽ ശബ്ദവും വെളിച്ചവും നൽകിയ അബു ഹസൻ മികച്ചൊരു സംഘാടകൻ കൂടിയായിരുന്നു.
കല- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പ്രമുഖരുമായി ആത്മബന്ധം സ്ഥാപിക്കാൻ അബൂ ഹസന് കഴിഞ്ഞത് തന്റെ ബീമാ സൗണ്ട്സ് വഴിയാണ്.
അന്തരിച്ച പ്രമുഖ കാഥികൻ വി. സാംബശിവൻ വെഞ്ഞാറമൂട്ടിലും പരിസര പ്രദേശങ്ങളിലും കഥ പറയാൻ എത്തുമ്പോൾ മൈക്കുമായി അബു ഹസൻ ഉണ്ടായിരിക്കണമെന്നത് അദ്ദേഹത്തിന്റെ നിർബന്ധം ആയിരുന്നു.
സുരാജ് വെഞ്ഞാറമൂട്, നോബി തുടങ്ങിയ സിനിമാ താരങ്ങൾ അടക്കമുള്ള ഒട്ടറെ കലാകാരന്മാർക്ക് മൈക്ക് കൈമാറി വേദിയിലേക്കു പ്രവേശിപ്പിച്ചത് അബു ഹസനാണ്.
വെഞ്ഞാറമൂടിന്റെ നാടകോത്സവം അടക്കമുള്ള സാംസ്കാരിക പരിപാടികളിലും മന്ത്രിമാർ അടക്കമുള്ളവർ പങ്കെടുക്കുന്ന രാഷ്ട്രീയ യോഗങ്ങളിലും മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി ഉത്സവങ്ങളിലും അബു ഹസൻ അഭിവാജ്യ ഘടകമായിരുന്നു.