പ്രതിഷേധ മാർച്ചുമായി മഹിളാ കോണ്‍ഗ്രസ്; രാപ്പകല്‍ സമരം അവസാനിപ്പിച്ച് ബിജെപി
1262248
Wednesday, January 25, 2023 11:35 PM IST
നെയ്യാറ്റിൻകര : വയോധികയെ കബളിപ്പിച്ച് സിപിഎം കൗണ്‍സിലര്‍ വസ്തുവും സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് യുഡിഎഫ്, ബിജെപി പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൗണ്‍സിലറെ പുറത്താക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ കക്ഷികള്‍ ആവര്‍ത്തിച്ച് മുന്നോട്ടു വയ്ക്കുന്നത്.
മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഓഫീസ് കവാടത്തിൽ പോലീസ്തടഞ്ഞു. തുടർന്ന് നേതാക്കളും പ്രവർത്തകരും ഓഫീസിനു മുന്നില്‍ നിലയുറപ്പിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധ ധർണ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉഷകുമാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബെൻസി ജയചന്ദ്രൻ അധ്യക്ഷയായി. മഹിളാ കോൺഗ്രസ് നേതാക്കളായ പുഷ്പലീല, തുഷാര, ഗിരിജ, ശകുന്തള, എൽ.എസ്. ഷീല, അനിത, അജിത, ഷീബ, ഗീത എന്നിവർ പങ്കെടുത്തു.ബിജെപി നഗരസഭ ഓഫീസിനു സമീപം നടത്തിവന്ന രാപ്പകല്‍ സമരം ഇന്നലെ അവസാനിപ്പിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ് അധ്യക്ഷനായി. പാര്‍ലമെന്ററി ലീഡര്‍ ഷിബുരാജ് കൃഷ്ണ, കൗണ്‍സിലര്‍മാരായ മഞ്ചന്തല സുരേഷ്, കൂട്ടപ്പന മഹേഷ്, വേണുഗോപാല്‍, മരങ്ങാലി ബിനു, അഡ്വ. സ്വപ്നജിത്ത്, കല, സുമ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് തിരുപുറം ബിജു, സെക്രട്ടറി ജി.ജെ കൃഷ്ണകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലാല്‍കൃഷ്ണ എന്നിവര്‍ നേതൃത്വം നല്കി.