പദ്ധതി പൂർത്തിയാകും മുന്പെ ബാലനാശാരി മടങ്ങി
1261995
Wednesday, January 25, 2023 12:24 AM IST
കാട്ടാക്കട : വൃദ്ധസദനത്തിനായി ഭൂമി നൽകി, പദ്ധതി പൂർത്തിയാകും മുന്പെ ബാലനാശാരി യാത്രയായി. കോട്ടൂർ കൃഷ്ണഗിരി തങ്കമണി നേഴ്സറി ഉടമ എസ്.ആർ. ബാലനാശാരിയാണു വൃദ്ധസദനത്തിലെ അംഗമാകുന്നതിനു മുന്പേ യാത്രയായത്.
കുറ്റിച്ചൽ പഞ്ചായത്തിലെ നിരാലംബരായ വൃദ്ധജന സമൂഹത്തിന് ഒരു കിടപ്പാടം എന്നത് ബാലനാശാരിയുടെ ചിരകാല അഭിലാഷമായിരുന്നു. ഒടുവിൽ സ്വന്തം വസ്തുവിൽനിന്നും അഞ്ചര സെന്റ് വസ്തു പഞ്ചായത്തിനുദാനം നൽകി. വൃദ്ധസദനത്തിൽ ഭാര്യയുമൊത്ത് അവസാനകാലം വരെ താമസിക്കണമെന്നാതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതു സാധിക്കാതെയായിരുന്നു മരണം. 2017-18 സാമ്പത്തിക വർഷമാണു ഭൂമി പഞ്ചായത്തിനു ദാനം നൽകിയത്. ഇതിനകം 16ലക്ഷം രൂപ വൃദ്ധസദനത്തിനായി ചെലവഴിച്ചിട്ടുണ്ട്. വരുന്ന വർഷത്തെ ബജറ്റിൽ അഞ്ചുലക്ഷം രൂപ വൃദ്ധസദനത്തിനായി പഞ്ചായത്ത് വക കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ട് കാലം കോട്ടൂരിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ബാലനാശാരി.
ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ എത്തിയപ്പോഴാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത വിധത്തിൽ അസുഖം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.