മയക്കുമരുന്ന് വിരുദ്ധ പ്രചാരണം: നാളെ ലഹരിയില്ലാ തെരുവ്
1261991
Wednesday, January 25, 2023 12:24 AM IST
തിരുവനന്തപുരം: മയക്കുമരുന്നിനെതിരേയുള്ള സർക്കാർ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം 26ന് ലഹരിയില്ലാ തെരുവ് പരിപാടിയോടെ അവസാനിക്കും. രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി, മയക്കുമരുന്നിനെതിരേ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചു. നവംബർ 16നാണ് ഗോൾ ചലഞ്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ലോകകപ്പ് ഫുട്ബോളിന്റെകൂടി പശ്ചാത്തലത്തിൽ മയക്കുമരുന്നിനെതിരേ വലിയ മുന്നേറ്റമുണ്ടാക്കാൻ ഗോൾ ചലഞ്ചിന് കഴിഞ്ഞെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ഗോൾ ചലഞ്ചിൽ പങ്കാളികളായ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി 26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യർഥിച്ചു.