മലയോരവാസികൾക്ക് കുടിവെള്ളമെത്തും
1261986
Wednesday, January 25, 2023 12:24 AM IST
കാട്ടാക്കട : കിഴക്കൻമല പദ്ധതി ക്കു തുടക്കമായി. മലയോരവാസികൾക്ക് കുടിവെള്ളമെത്തും.
പദ്ധതിയുടെ ഭാഗമായുള്ള ജലവിതരണക്കുഴലുകൾ സ്ഥാപിക്കുന്നതുൾപ്പടെ പുരോഗമിക്കുകയാണ്. കിഫ്ബിയിൽനിന്നും അനുവദിച്ച 45 കോടി ഉപയോഗിച്ചാണ് നിർമാണം. മുന്നാറ്റിൻമുക്ക് പമ്പ് ഹൗസിൽ നിന്നും പമ്പുചെയ്യുന്ന നെയ്യാറിലെ വെള്ളമാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്. പിന്നീട് വെള്ളം കിഴക്കൻമലയിൽ എത്തിക്കും. അതിനുശേഷം അവിടെ പുതുതായി നിർമിക്കുന്ന ആറുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള 10 എംഎൽഡി ട്രീറ്റ്മെന്റ് പ്ലാന്റിൽശേഖരിച്ച് ശുചീകരിച്ച ശേഷം വിതരണം ചെയ്യും. 2016ലാണ് പദ്ധതിക്ക് അനുമതിയായത്. എംഎൽഡി ട്രീറ്റ്മെന്റ് സ്ഥാപിക്കുന്നതിനായി പഞ്ചായത്ത് ഫണ്ടു വിനിയോഗിച്ച് 63 സെന്റ് വസ്തു വാങ്ങി 2017ൽ ജലസേചന വകുപ്പിനു കൈമാറിയിരുന്നു. അതിനിടെ നെയ്യാർ മൂന്നാറ്റിൻമുക്ക് കുടിവെള്ള പദ്ധതിയുടെ നവീകരണവും നടക്കും. പമ്പിംഗ് മോട്ടോർ തകരാറിലായതും നന്നാക്കും. നെയ്യാറിലെ മുന്നാറ്റിൻമുക്ക് പമ്പ് ഹൗസിൽനിന്നു പന്പുചെയ്യുന്ന വെള്ളം നെടിഞ്ഞി പൊറ്റയിലെ സംഭരണിയിൽ എത്തിച്ചാണു വിതരണം ചെയ്യുന്നത്.
ജലസേചന വകുപ്പിൻെ കീഴിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഈ പമ്പ് ഹൗസിൽ 50 എച്ച്പിയുടെയും 35 എച്ച്പിയുടെയും രണ്ടു മോട്ടോറുകൾ ഉണ്ടായിരുന്നു. ഒന്നു കേടാവുമ്പോൾ മറ്റൊന്ന് ഉപയോഗിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിരുന്നത്. ഏഴുമാസം മുമ്പ് 35 എച്ച്പിയുടെ മോട്ടോർ കേടായതിനാൽ അറ്റക്കുറ്റപ്പണികൾക്കായി ഇവിടെനിന്നു കൊണ്ട് പോയെങ്കിലും അത് ഇതേവരെ തിരിച്ചെത്തിയില്ല. അത് തിരികെ എത്തിക്കാനും നടപടിയായിട്ടുണ്ട്. മൂന്നാറ്റിൻ മുക്ക് പദ്ധതിയെ കിഴക്കൻ മല പദ്ധതിയുമായി ബന്ധപ്പെടുത്തിയതോടെ കുടിവെള്ള പ്രശ്നത്തി നു പരിഹാരമാകും.