മുടങ്ങിപ്പോയ ശബരിമല യാത്ര നടത്തി അഗസ്ത്യമലയിലെ കാണിക്കാർ
1246711
Thursday, December 8, 2022 12:09 AM IST
കാട്ടാക്കട : കോവിഡ് കാലത്ത് മുടങ്ങിപ്പോയ ശബരിമല യാത്ര നടത്തി അഗസ്ത്യമലയിലെ കാണിക്കാർ കാട്ടുവിഭവങ്ങൾ അർപ്പിച്ചു. അഗസ്ത്യാർകൂടം പർവത പ്രദേശങ്ങളിലെ കാടുകളിൽ വസിക്കുന്ന ഗോത്ര വിഭാഗമായ കാണി സമുദായക്കാരാണ് സന്നിധാന ദർശനത്തിനായി ശബരിമലയിലെത്തിയത്.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി ശബരിമല ദർശനം മുടങ്ങിയതിന്റെ സങ്കടത്തിനാണ് ഇത്തവണ അറുതിയായത്. ഇക്കുറി 20 അംഗ സംഘമാണ് സന്നിധാന ദർശനം നടത്തിയത്. പൂർവാചാര പ്രകാരം മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്തെടുത്ത പൂക്കൂടകൾ, പെട്ടികൾ തുടങ്ങിയ വനവിഭവങ്ങളുമായി എത്തിയ കാണി വിഭാഗം അവ നിറമനസോടെ അയ്യന് സമർപ്പിച്ചു.
കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം, പന്തളം കൊട്ടാരം എന്നിവിടങ്ങളിൽ ആചാരപരമായ ദർശനങ്ങൾ നടത്തിയ ശേഷമാണ് പമ്പയിലെത്തി മല ചവിട്ടിയത്. ഇവർ നൽകിയ കാട്ടുതേൻ മൂല വിഗ്രഹത്തിൽ ക്ഷേത്ര തന്ത്രി അഭിഷേകം നടത്തി.