പ്രതി മാഹീൻകണ്ണിനെ മാറനല്ലൂരിൽ തെളിവെടുപ്പിനെത്തിച്ചു
1246399
Tuesday, December 6, 2022 11:36 PM IST
കാട്ടാക്കട : 11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മാറനല്ലൂരിൽ തെളിവെടുപ്പിനെത്തിച്ചു. പ്രതി പൂവാർ മണ്ണാൻവിളാകം മാഹീൻമൻസിലിൽ മാഹീൻ കണ്ണി (43) നെയാണ് മാറനല്ലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തിയത്. വാടകയ്ക്ക് എടുത്ത വീടും പരിസരവും അന്വേഷണ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്ത മാഹീൻ, ദിവ്യയെയും മകളെയും ഇവിടെ നിന്നാണ് കൊണ്ടുപോയതെന്നും പോലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടു കൂടിയാണ് മാഹീൻകണ്ണിനെ മാറനല്ലൂരിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചത്.
കൊല്ലപ്പെട്ട ദിവ്യ(22), ഒന്നര വയസുകാരി മകൾ ഗൗരി എന്നിവരെ 2011 ഓഗസ്റ്റ് 18നാണ് പങ്കാളിയായ മാഹീൻ മാറനല്ലൂർ ഊരൂട്ടമ്പലം ഇടത്തറ ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടിൽനിന്നും കൂട്ടികൊണ്ടു പോയി തമിഴ്നാട് അതിർത്തിയിലുള്ള കടലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയത്. ദിവ്യയെ കാണാതായതിനെ തുടർന്ന് അമ്മ രാധ മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു.
പൂവാർ സ്വദേശിയായ മാഹീൻ കണ്ണാണ് കൂട്ടികൊണ്ട് പോയതെന്നു അറിയിച്ചപ്പോൾ പൂവാർ പോലീസിൽ പരാതി നൽകാനാണ് മാറനല്ലൂർ പോലീസ് നിർദേശിച്ചത്. തുടർന്ന് പൂവാർ പോലീസിൽ പരാതി നൽകാനെത്തിയ ദിവ്യയുടെ അമ്മ രാധ അവിടെവച്ച് മാഹീൻ കണ്ണിനെ കണ്ടെങ്കിലും ദിവ്യയെയും കുഞ്ഞിനേയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. രണ്ട് ദിവസത്തിനകം കൂട്ടിക്കൊണ്ടു വരാൻ പോലീസ് നിർദേശിച്ചെങ്കിലും മാഹീൻ വിദേശത്തേക്കു കടക്കുകയായിരുന്നു. പിന്നീട് പല തവണ മാഹീൻ നാട്ടിലെത്തിയെങ്കിലും തുടരന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെന്നു അമ്മ രാധ പറഞ്ഞു.
2019 ൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു ശേഷം ഇക്കഴിഞ്ഞ 29 ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദിവ്യയെയും മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നു മാഹീൻ കണ്ണ് കുറ്റം സമ്മതിച്ചത്. ദിവ്യയുമായുള്ള അടുപ്പം മാഹീൻ കണ്ണിന്റെ ഭാര്യയും ബന്ധുക്കളും അറിഞ്ഞതിനെ തുടർന്നാണ് ഇവരെ കൊലപ്പെടുത്തിയതെന്നും ഇയാൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മാഹീൻ കണ്ണിന്റെ ഭാര്യ റൂഖിയയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.