ചെറിയകൊല്ലയില്‍ വെള്ളക്കെട്ടില്‍ കിടന്ന് ബിജെപിയുടെ പ്രതിഷേധ സമരം
1246093
Monday, December 5, 2022 11:42 PM IST
വെള്ളറട: മലയോര ഹൈവേയിലെ പാറശാല- വെള്ളറട റോഡില്‍ മാസങ്ങളായി തുടരുന്ന വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിൽ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പാറശാല മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സംഘര്‍ഷത്തിൽ കലാശിച്ചു.
സമരം തുടങ്ങും മുന്‍പ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള വെള്ളറട പോലീസിന്റെ നടപടിയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മണവാരി രതീഷിനെ അറസ്റ്റ് ചെയ്യാന്‍ വെള്ളറട എസ്ഐ നടത്തിയ നീക്കം പ്രവര്‍ത്തകര്‍ ചെറുത്തതോടെ പോലീസും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി.
വാര്‍ഡ് മെമ്പർ ചെറിയകൊല്ല പ്രദീപ്, യുവമോര്‍ച്ച വെള്ളറട മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീഷ്, ഷാന്‍, രാജേഷ്, സജി എന്നിവരെ പോലീസ് അറസ്റ്റു ചെയ്തതിനു ശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സംഘര്‍ഷത്തിനിടയില്‍ ചെറിയകൊല്ല വാര്‍ഡ് മെമ്പര്‍ പ്രദീപ് വെള്ളക്കെട്ടില്‍ കിടന്ന് പ്രതിഷേധിച്ചു.
ബിജെപി പാറശാല മണ്ഡലം പ്രസിഡന്റ് അഡ്വ. എം. പ്രദീപിന്റെ അധ്യക്ഷതയില്‍ ചേർന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ കമ്മറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു.
ചെറിയ കൊല്ലയിലെ വെള്ളക്കെട്ടിന് അധികൃതര്‍ പരിഹാരം കാണും വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.