ജെൻഡർ കാന്പയിൻ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ
1246092
Monday, December 5, 2022 11:42 PM IST
തിരുവനന്തപുരം : കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ(എൻആർഎൽഎം) "നയി ചേതന' എന്ന പേരിൽ നടത്തുന്ന ദേശീയ ജെൻഡർ കാമ്പയിന്റെ ഭാഗമായുള്ള പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ മിഷൻ. "നയി ചേതന' ജെൻഡർ കാമ്പയിന്റെ ഭാഗമായി തയാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് വാസ്തവ വിരുദ്ധമാണെന്നും കുടുംബശ്രീ മിഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നവംബർ 25 മുതൽ നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.