വിദേശ വനിതയുടെ കൊലപാതകം ശിക്ഷ ഇന്ന്
1246085
Monday, December 5, 2022 11:16 PM IST
തിരുവനന്തപുരം: കോവളത്തു വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉദയകുമാർ, ഉമേഷ് എന്നിവരുടെ ശിക്ഷ ഇന്നു പ്രഖ്യാപിക്കും. രണ്ടു പേരും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ വധശിക്ഷ നൽകുവാൻ പര്യാപ്തമായ തെളിവുകളില്ലെന്നു പ്രതിഭാഗം മറുപടി നൽകി.
തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്. കൊലക്കയർ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതികൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നും ജഡ്ജി സനിൽ കുമാർ ചോദിച്ചു. അച്ഛനും അമ്മയും സഹോദരങ്ങളുമായി രണ്ടു സെന്റിലുള്ള വീട്ടിൽ താമസിക്കുകയാണെന്നും ജീവിക്കണമെന്നും ഒന്നാം പ്രതി ഉമേഷ് പറഞ്ഞു. കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് തങ്ങളെ പ്രതികളാക്കിയതാണെന്നും രണ്ടാം പ്രതി ഉദയകുമാർ പറഞ്ഞു. കേസിലെ ശിക്ഷ ലോകം ഉറ്റുനോക്കുകയാണെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ മോഹൻരാജ് വാദിച്ചു.2018 മാർച്ച് 14 ന് കോവളത്ത് നിന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടിക്കൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്.