നഗരത്തിന് ഒരു വസന്തം 21 മുതൽ
1245811
Sunday, December 4, 2022 11:45 PM IST
തിരുവനന്തപുരം: കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പോത്സവത്തിൽ പൊതുജനങ്ങൾക്കും റെസിഡന്റ്സ്അസോസിയേഷനുകൾക്കും പങ്കാളികളാകാനും സമ്മാനങ്ങൾ നേടാനും അവസരം. "നഗരത്തിന് ഒരു വസന്തം' എന്ന് പേരിട്ടിട്ടുള്ള മത്സരത്തിൽ റെസിഡന്റ്സ് അസോസിയേഷനുകൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. വിജയികൾക്ക് 15000, 10000, 5000 രൂപ ലഭിക്കും.
പൂച്ചെടികളും അലങ്കാരച്ചെടികളുമായി 100 ചെടിച്ചട്ടികളിൽ കുറയാതെ എത്തിക്കുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവർക്കും 5000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും.
മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 10ന് മുൻപായി കനകക്കുന്നിന് സമീപം ജവഹർ ബാലഭവനിൽ ഒരുക്കിയിട്ടുള്ള നഗരവസന്തം സംഘാടക സമിതി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447104575 എന്ന നമ്പറിൽ ബന്ധപ്പെടണം. 21 മുതൽ ജനുവരി മൂന്ന് വരെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്.
കനകക്കുന്ന് പരിസരത്തിനുപുറമേ സ്പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും വസന്തം നിറയും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും.