തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട്: പഞ്ചായത്ത് അംഗത്തിനെതിരെ നടപടി
1244952
Friday, December 2, 2022 12:06 AM IST
കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമായി ചേർന്ന് ക്രമക്കേട് നടത്തിയ കിളിമാനൂർ പഞ്ചായത്ത് അംഗത്തിനെതിരെ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ നടപടിയെടുത്തു. പഞ്ചായത്ത് ഏഴാംവാർഡ് അംഗം ജി. ബിന്ദു, മേറ്റ് കടമ്പാട്ടുകോണം ശ്രീഭവനിൽ ജി. ലളിതാംബിക എന്നിവർക്കെതിരെയാണ് ഓംബുഡ്സ്മാൻ നടപടിയെടുത്തത്.
കോൺഗ്രസ് അംഗവും ആശാപ്രവർത്തകയായ ജി. ബിന്ദു മേറ്റിനെ സ്വാധീനിച്ച് ഒരേ ദിവസം തൊഴിലുറപ്പ് മസ്റ്റർ റോളിലും പഞ്ചായത്തിൽ നടന്ന വികസന സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഒപ്പിട്ട് അനധികൃതമായി തൊഴിലുറപ്പ് തുക കൈപ്പറ്റിയതായി അന്വേഷണത്തിൽ തെളിഞ്ഞു. കൂടാതെ തൊഴിലുറപ്പ് സൈറ്റിൽ ഒപ്പിട്ട ദിവസം തന്നെ മുളയ്ക്കലത്തുകാവ് കുടുംബാരോഗ്യകേന്ദ്രത്തിൽ ഇവർ ഡ്യൂട്ടിക്കെത്തിയതായും കണ്ടെത്തി.
അനധികൃതമായി കൈപ്പറ്റിയ തുക മുഴുവൻ തിരിച്ച് അടയ്ക്കുവാനും മേറ്റിനെ ആറുമാസത്തേക്ക് ചുമതലയിൽ നിന്ന് മാറ്റി നിർത്തുവാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
തൊഴിലുറപ്പ് പദ്ധതിയിൽ വാർഡിന്റെ ചുമതലയുള്ള അക്രഡിറ്റഡ് ഓവർസിയർ നന്ദുവിനെ ഓംബുഡ്സ്മാൻ കൃത്യവിലോപത്തിന്റെ പേരിൽ താക്കീതും ചെയ്തിട്ടുണ്ട്. 2022 സാമ്പത്തികവർഷം ആരോപണവിധേയയായ മെമ്പർ 46 ദിവസമാണ് മസ്റ്റർ റോളിൽ ഒപ്പിട്ട് വേതനം കൈപ്പറ്റിയത്.