ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിൽ മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് തുടക്കമായി
1226380
Friday, September 30, 2022 11:26 PM IST
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരും മത്സ്യബന്ധന വകുപ്പും സംയുക്തമായി നടത്തുന്ന "പൊതു ജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപം' പദ്ധതിക്ക് തുടക്കം കുറിച്ച് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി. വിഷരഹിത മത്സ്യം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുള്ള പദ്ധതിയുടെ ഉദ്ഘാടനം ഒ.എസ്. അംബിക എംഎല്‍എ നിര്‍വഹിച്ചു. ആറ്റിങ്ങലിലെ മേലാറ്റിങ്ങല്‍ കടവ്, പൂവന്‍പാറ കടവ് എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. കാര്‍പ്പ് ഇനത്തിലുള്ള രോഹു, കട്ല, മൃഗാല്‍ എന്നീ മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നിന്നും ഇതിനായി രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എസ്. കുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി വൈസ് ചെയര്മാന് തുളസീധരന്‍ പിള്ള, വാര്‍ഡ് കൗണ്‍സലര്‍മാര്‍ തുടങ്ങിയവർ പങ്കെടുത്തു.