അഞ്ഞൂറിലധികം കുട്ടികളെ ഹൃദയാകൃതിയിൽ അണിനിരത്തി കിംസ്ഹെൽത്ത്
1226159
Friday, September 30, 2022 12:20 AM IST
തിരുവനന്തപുരം : ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് അഞ്ഞൂറിലധികം കുട്ടികളെ ഹൃദയാകൃതിയിൽ അണിനിരത്തി കിംസ്ഹെൽത്ത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് തലസ്ഥാനത്തെ വിവിധ സ്കൂൾ, കോളജുകളിൽ നിന്നുള്ള കുട്ടികൾ ഹൃദയത്തിന്റെ ആകൃതിയിൽ അണിനിരന്നത്. "ഒരു ഹൃദയം' എന്ന ആശയത്തിൽ കിംസ്ഹെൽത്ത് സംഘടിപ്പിച്ച പരിപാടി ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴിന് കവടിയാറിൽ നിന്നും ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതി നൂറിലധികം കുട്ടികളാണ് റോളർ സ്കേറ്റിംഗ് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇതോടൊപ്പം കിംസ് കോളജ് ഓഫ് നേഴ്സിംഗിലെ വിദ്യാർഥികൾ ഹൃദയ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ സ്കിറ്റും നൂറിലധികം കുട്ടികൾ അണിനിരന്ന ഫ്ലാഷ് മോബും നടന്നു.
രോഗം വരാത്ത സാഹചര്യത്തിലേക്ക് സമൂഹത്തെയും വ്യക്തികളെയും നയിക്കുന്നതിനു വേണ്ടിയാണ് നമ്മുടെ ആരോഗ്യപ്രവർത്തകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. ഹൃദ്രോഗത്തിന് ചികിത്സയുള്ളപ്പോൾ തന്നെ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലുമെല്ലാം കേരളത്തിൽ മാറ്റമുണ്ടാകേണ്ടതുണ്ട്. ഹൃദ്രോഗം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒന്നാണെന്നും ഹൃദയ സംബന്ധമായ രോഗങ്ങൾ വരുന്നത് ജീവൻ തിരിച്ചുകിട്ടാൻ തന്നെ പ്രയാസമുള്ള സാഹചര്യമാണ് സൃഷ്ടിക്കുകയെന്നു പറഞ്ഞ അദ്ദേഹം കിംസ്ഹെൽത്തിന്റെ ഇത്തരം ബോധവത്ക്കരണ പരിപാടികൾ പ്രശംസനീയമാണെന്നും കൂട്ടിച്ചേർത്തു.
കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള, കിംസ്ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.എം. നജീബ്, കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. എസ്.വി. പ്രവീൺ, ഡോ. ജോസഫ് തോമസ്, സിഇഒ ജെറി ഫിലിപ്പ്, ഡെപ്യൂട്ടി ജനറൽ മാനേജർ ശരവണൻ അയ്യർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.