പ്രതികളിൽ ഒരാൾ പീരുമേട്ടിൽ; പ്രതികളെ സഹായിച്ച ഒരാൾ പിടിയിൽ
1226148
Friday, September 30, 2022 12:16 AM IST
കാട്ടാക്കട : കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് ഒരാൾ പിടിയിൽ. ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗം സി.പി. മിലൻ ഡോറിച്ചിന്റെ അടുത്ത ബന്ധു മണ്ഡപത്തിൻകടവ് ചിത്രാലയം വീട്ടിൽ പ്രദീഷ് (32) ആണ് പിടിയിലായത്. പ്രതിയെ രക്ഷപ്പെടുത്തിയതാണ് പ്രദീഷിനെതിരെ കേസ്.
ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. മിലൻ ഡോറിച്ചിനെ പ്രദീഷ് സ്വന്തം വാഹനത്തിൽ പീരുമേട് എത്തിച്ചുവെന്നു അന്വേഷണ സംഘം കണ്ടെത്തി. ഇതേ തുടർന്നാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. മിലൻ ഡോറിച്ചിനു പുറമെ കെഎസ്ആർടിഇഎ സിഐടിയു യൂണിറ്റ് സെക്രട്ടറിയായ കണ്ടക്ടർ എൻ.അനിൽകുമാർ, ആര്യനാട് സ്റ്റേഷൻ മാസ്റ്റർ എം. മുഹമ്മദ് ഷെരീഫ്, മെക്കാനിക്കൽ ജീവനക്കാരൻ എസ്. അജികുമാർ എന്നിവരാണ് മറ്റ് പ്രതികൾ.
ഇവരിൽ മൂന്നു പേരും ജില്ല വിട്ടതായാണ് സൂചന. പ്രതികൾക്ക് അഭയമൊരുക്കിയത് ഭരണപക്ഷ തൊഴിലാളി സംഘടനയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പോലീസ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. പ്രതികളെ പൊലീസിനു മുന്നിൽ ഹാജരാക്കാമെന്നു ഭരണപക്ഷ സംഘടന നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, മുൻകൂർ ജാമ്യം ലഭിക്കുമെന്ന അഭിഭാഷകരുടെ ഉറപ്പിന്മേൽ പ്രതികൾ മുങ്ങിയതാണെന്നാണ് സൂചന.
അതേസമയം, പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറയുന്നു. ബന്ധുക്കളിൽ ചിലരുമായി പ്രതികൾ ബന്ധപ്പെടുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. സംഭവം നടന്ന ആദ്യ മൂന്നു ദിവസങ്ങളിൽ പ്രതികൾ നാട്ടിൽ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ കാട്ടാക്കട പോലീസ് തയാറാകാത്തതിനെതിരേ വിമർശനം വ്യാപകമായിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നപ്പോൾ കാട്ടാക്കട ഇൻസ്പെക്ടറെ ഒഴിവാക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ച ശേഷമാണ് പ്രതികൾക്കു വേണ്ടി കാര്യമായ അന്വേഷണം ആരംഭിച്ചത്.