സ്റ്റേഡിയത്തിലും പുറത്തും ആവേശം അലതല്ലി
1225667
Wednesday, September 28, 2022 11:24 PM IST
തിരുവനന്തപുരം: കളിക്കളത്തിനുള്ളില്‍ കളിയാരവത്തിനായി വൈകുന്നേരം വരെ കാത്തിരുന്നെങ്കില്‍ കളത്തിന് പുറത്ത് ഇന്നലെ രാവിലെ മുതലേ ആവേശം അലതല്ലി. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികള്‍ രാവിലെ തന്നെ കാര്യവട്ടം സ്റ്റേഡിയത്തിനു മുന്നിലെത്തി. ഒബി വാനുകളുമായി ദൃശ്യമാധ്യമസംഘങ്ങളുടെ വന്‍ പടയും സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനു മുന്നില്‍ നിലയുറപ്പിച്ചു. തത്സമയ വാര്‍ത്തകളുമായി മാധ്യമസംഘങ്ങളും.
ശ്രീകാര്യം മുതല്‍ കഴക്കൂട്ടം വരെ റോഡിനിരു വശങ്ങളിലും ഇന്ത്യയുടെ ജഴ്സി വില്‍ക്കുന്ന ഇതര സംസ്ഥാനക്കാരുടെ വന്‍ നിര. ഇന്ത്യന്‍ ജഴ്സിയില്‍ തന്നെ കോഹ്ലിയുടേയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും പേരുകള്‍ പതിച്ച ജഴ്സികള്‍ വാങ്ങാനായിരുന്നു ആരാധകര്‍ കൂടുതലായി എത്തിയത്. ഇരുചക്രവാഹനങ്ങളില്‍ ഇന്ത്യന്‍ ജഴ്സി അണിഞ്ഞ ആരാധകരുടെ ചീറിപ്പാച്ചില്‍. രാവിലെ തന്നെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യവുമായി ചിലര്‍ പോലീസിന്റെ അടുത്തെത്തി. വൈകുന്നേരം 4.30 മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുഎന്നു കേട്ടതോടെ ചിലരുടെ മുഖത്ത് മ്ലാനത.
ഇന്നലെ രാവിലെ മാനത്ത് ചെറുതായി കാര്‍മേഘം പരന്നതോടെ ക്രിക്കറ്റ് ആരാധകര്‍ക്ക് അല്പം ആശങ്കയിലായി. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നീലാകാശം തെളിഞ്ഞതോടെ ആരാധകരുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നു. ഉച്ചകഴിഞ്ഞതോടെ കാര്യവട്ടം സ്റ്റേഡിയത്തിന്റെ മുഖ്യകവാടത്തിനു മുന്നില്‍ ക്രിക്കറ്റ് ആരാധകരെ കൊണ്ട് നിറഞ്ഞു. ഇന്ത്യന്‍ ജഴ്സി അണിഞ്ഞും ത്രിവര്‍ണപതാക കൈയിലേന്തിയും വുവുസുലയില് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും കായികപ്രമേകികള് കാര്യവട്ടം ട്വി-20ക്ക് ആവേശം പകര്‍ന്നു.