വെള്ളാണിക്കൽ പാറയിലെ സദാചാര ആക്രമണം: രണ്ടുപേർ കൂടി അറസ്റ്റിൽ
1225328
Tuesday, September 27, 2022 11:45 PM IST
പോത്തൻകോട്: വെള്ളാണിക്കൽ പാറയിൽ കൂട്ടുകാരൊപ്പം എത്തിയ വിദ്യാർഥിനികളെ മർദിച്ച സംഭവത്തിൽ രണ്ടു പേര് കൂടി അറസ്റ്റില്‍. ശ്രീനാരായണപുരം സ്വദേശി അഭിജിത്ത് (24) കോലിയക്കോട് സ്വദേശി ശിവജി (42) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ അഭിജിത്ത് വധശ്രമ കേസിലെ പ്രതിയാണ്. സ്കൂൾ കുട്ടികളെ മർദിച്ച മനീഷിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഈ മാസം നാലിന് വൈകുന്നേരം മൂന്നോടെയാണ് വെള്ളാണിക്കൽപാറ കാണാനെത്തിയ പെൺകുട്ടികളടക്കമുള്ളവരെ സംഘം തടഞ്ഞു നിർത്തി മർദിച്ചത്. ഇതിൽ പ്രതിഷേധം ശക്തമായതോടെ അറസ്റ്റ് ചെയ്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി പ്രതി മനീഷിനെ ജാമ്യത്തിൽ വിട്ടയച്ച പോലീസ് നടപടി വിവാദമായിരുന്നു. തുടർന്ന് റൂറൽ എസ്പി ഇടപെട്ട് അന്വേഷണ സംഘത്തെ മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.