വനമേഖലകളിൽ മാലിന്യം തള്ളൽ പതിവാകുന്നു
1225325
Tuesday, September 27, 2022 11:45 PM IST
വിതുര : വനത്തിനുള്ളിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വൻതോതിൽ നിക്ഷേപിക്കുന്നതായി പരാതി. വർഷങ്ങളായി ഇത് തുടരുകയാണെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിതുര നന്ദിയോട് പ്രധാന പാതയിൽ പൊട്ടൻചിറ മുതൽ കാലങ്കാവ് വരെയുള്ള ഭാഗത്താണ് പതിവായി മാലിന്യം തള്ളുന്നത്. ജവഹർ നവോദയ വിദ്യാലയത്തോട് ചേർന്നാണ്
മാലിന്യ നിക്ഷേപം കൂടുതലായിട്ടുള്ളത്. രാത്രികാലങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളുന്നതെന്നു നാട്ടുകാർ പറയുന്നു. ഇറച്ചിക്കടകളിൽ നിന്നുള്ള മാംസ അവശിഷ്ടങ്ങളും വനത്തിനുള്ളിൽ കൊണ്ടിടുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നു പോലും മാലിന്യം കൊണ്ടു തള്ളാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. അതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും കാട്ടുപന്നിയുടെ ശല്യവും വളരെയധികമാണ്.
പ്രദേശത്ത് കാമറ സ്ഥാപിക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. നവോദയ സ്കൂൾ പരിസരത്തെങ്കിലും കാമറ സ്ഥാപിക്കണമെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.