തേനീച്ച ആക്രമണത്തിൽ പത്തുപേർക്ക് പരിക്ക്
1224307
Saturday, September 24, 2022 11:40 PM IST
കാട്ടാക്കട: കാട്ടാക്കടയിൽ തേനീച്ചാക്രമണത്തിൽ കുട്ടി ഉൾപ്പടെ പത്തുപേർക്ക് പരിക്ക്. കാട്ടാക്കട അമ്പലത്തിൻകാല ആലംകോട്ടാണ് തേനീച്ചയാക്രമണമുണ്ടായത്. ആദ്യം ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുകയും തുടർന്ന് ഇവറ്റകൾ ആളുകളെ വ്യാപകമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നിസാര പരിക്കേറ്റവർ വീടുകളിൽ തന്നെ വിശ്രമത്തിലാണ്. അമിതമായി കുത്തേറ്റ കുട്ടി ഉൾപ്പടെ ആറു പേരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ മെഡിക്കൽകേളജിൽ പ്രവേശിപ്പിച്ചു. അമ്പലത്തിൽകാല ആലംകോട് ഉത്രാടത്തിൽ പ്രതീഷ് കുമാർ (41) നിവേദ്യം വീട്ടിൽ ബിനു ജി (45 ),കമുകിൻ കുഴി വീട്ടിൽ വസന്ത (57) ദേവിക ഭവനിൽ ദേവിക പി.ആർ (13)കമുകിൻകുഴി വീട്ടിൽ ഗിരീഷ് കുമാർ (40)അമ്പലത്തിൽ കാലയിൽ മീൻ വിൽപനക്കായി എത്തിയ സുധീർ (42 )നെയും കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരിൽ വസന്തക്ക് തേനീച്ചകളുടെ 35 ഓളം കുത്താണ് ഏറ്റത്. ഇവരെ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മെഡിക്കൽ കോളജിലേക്ക് മാറ്റി. മീൻ വിൽപ്പനക്കാരനായ സുധീറിനും ഗുരുതര പരിക്കാണ്.ശരീരമാസകലം തേനീച്ചയുടെ കുത്തേറ്റു. ആളുകളുടെ ബഹളം കണ്ടു വഴിയാത്രക്കാരും സമീപ വാസികളും ഒക്കെയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ രക്ഷിക്കുന്നതിനിടെ ആണ് ചിലർക്ക് നേരിയ പരിക്കേറ്റത്. അതേ സമയം തേനീച്ചകൾ എവിടെ നിന്നും വന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ്.ഇവയുടെ ഉറവിടം കണ്ടെത്താനായിയിട്ടില്ല. ആരോഗ്യ വകുപ്പിലും അറിയിപ്പ് നൽകി എങ്കിലും വൈകിയാണ് ഇവർ സ്ഥലം സന്ദർശിച്ചത് എന്നു ആരോപണമുണ്ട്.