പാലാ: മീനച്ചില്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാമത് കെ.എം. മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡുകള്‍ നാളെ പാലായില്‍ ജോസ് കെ. മാണി എംപി വിതരണം ചെയ്യും.
പന്ത്രണ്ടായിരത്തോളം വരുന്ന ഓഹരി ഉടമകളില്‍നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ മികച്ച കര്‍ഷകര്‍ക്കാണ് ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റുകൂടിയായ കെ.എം. മാണിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാഷ് അവാര്‍ഡുകളും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കുന്നത്. ബാങ്കിലെ അംഗങ്ങളുടെ മക്കളില്‍നിന്ന് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു വിതരണം ചെയ്യും.
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് ചേരുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മീനച്ചില്‍ കാര്‍ഷിക വികസനബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചന് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്മാന് ഷാജു വി. തുരുത്തേല്‍, പ്രഫ. ലോപ്പസ് മാത്യു, അഡ്വ. വി.ടി. തോമസ്, കെ.ജെ. ഫിലിപ്പ് കുഴികുളം, പ്രഫ. സതീശ് ചൊള്ളാനി, ബേബി ഉഴുത്തുവാല്‍, സാജന് തൊടുക, ജോണ്സണ് പുളിക്കിയില്‍, സി.പി. ചന്ദ്രന് നായര്‍, എം.എസ്. ശശിധരന് നായര്‍, ബിജി ജോജോ, ജൂണി ചെറിയാന്, ഡാര്‍ലിംഗ് ചെറിയാന് ജോസഫ്, കെ.പി. ജോസഫ്, ടി.ജി. ബാബു എന്നിവര്‍ പ്രസംഗിക്കും.
സിറിയക് ജോസഫ് ചൊള്ളാമ്പേല്, സാലി സെബാസ്റ്റ്യന്‍ തെക്കേതൂവനാട്ട്, എം.കെ. ജോര്‍ജ് മണ്ണാത്തുമാക്കിയില്‍ എന്നിവര്‍ക്കാണ് കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നത്. ഔസേപ്പച്ചന് വാളിപ്ലാക്കല്‍, അഡ്വ. ബെറ്റി ഷാജു, കെ.പി. ജോസഫ്, ബെന്നി തെരുവത്ത്, ജോ പ്രസാദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.